മകളുടെ വിവാഹം: സന്താല്‍ ആദിവാസി സമൂഹം ഒഡിഷ മന്ത്രിക്കെതിരെ

നവീന്‍ പട്‌നായക് നയിക്കുന്ന ബി.ജെ.ഡി സര്‍ക്കാരിലെ മുതിര്‍ന്ന പിന്നോക്ക സമൂദായത്തില്‍പ്പെട്ട മന്ത്രിയായ സുധാം മറാണ്ടി തന്റെ മകളെ ബ്രാഹ്മണ സമൂഹത്തില്‍പ്പെട്ടയാള്‍ക്ക് വിവാഹം ചെയ്ത് നല്‍കിയതിനെത്തുടര്‍ന്ന് സന്താല്‍ ആദിവാസി സമൂഹം മന്ത്രിക്കെതിരെ രംഗത്ത്. മന്ത്രി ഈ ആദിവാസി സമൂഹത്തിലാണ് ഉള്‍പ്പെടുന്നത്. തങ്ങളുടെ പരമ്പരാഗതമായ ആചാരങ്ങളും സംസ്‌കാരവും പാലിക്കാത്ത സുധാം മറാണ്ടിയെ സമുദായത്തില്‍ നിന്നും പുറത്താക്കുമെന്നും അവര്‍ അറിയിച്ചു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ ചര്‍ച്ചയായി ഇത് മാറി കഴിഞ്ഞിരിക്കയാണ്. മറാണ്ടിയുടെ മകള്‍ സഞ്ജീവനിയെ വിവാഹം ചെയ്തത് ബി.ജെ.ഡിയുടെ വിദ്യാര്‍ത്ഥി സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും ബ്രാഹ്മണനുമായ സുനില്‍ സാരംഗിയാണ്. കഴിഞ്ഞ ജനുവരി 31-നായിരുന്നു വിവാഹം. ഇത് പ്രണയ വിവാഹമല്ല. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച ബന്ധമാണ്. മുഖ്യമന്ത്രി പട്‌നായക്, ഗവര്‍ണര്‍ എസ്.സി ജാമിര്‍ എന്നിവരെ കൂടാതെ മറ്റ് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
വിവാഹത്തിനു ശേഷം ബംഗിരിപോഷിയില്‍ കൂടിയ സന്താള്‍ ജനജാതി സാമാജിന്റെ നേതാക്കള്‍ മറാണ്ടിയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചിരുന്നു. ബംഗിരിപോഷി മണ്ഡലത്തില്‍ നിന്നും വിജയിച്ച മറാണ്ടി സംസ്ഥാനത്തെ കായിക യുവജനകാര്യ വകുപ്പിനെയാണ് പ്രതിനിധീകരിക്കുന്നത്.
പിന്നോക്ക സമുദായത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കേണ്ട മറാണ്ടിക്ക് സ്വന്തം വിഭാഗത്തില്‍ പെടാത്ത വ്യക്തിക്ക് എങ്ങനെ മകളെ വിവാഹം ചെയ്തു നല്‍കാന്‍ കഴിഞ്ഞു എന്നാണ് ആദിവാസി നേതാക്കള്‍ ചോദിക്കുന്നത്. എന്നാല്‍ താന്‍ സമുദായത്തിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും മാനിക്കുന്നുവെന്നും താന്‍ പ്രതിനിധീകരിക്കുന്നത് പിന്നോക്ക വിഭാഗത്തെ മാത്രമല്ലെന്നും മന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























