ഷെരീഫിന്റെ വസതിയില്‍ വച്ച് മോഡി ദാവൂദിനെ കണ്ടെന്ന അസം ഖാന്റെ ആരോപണം കേന്ദ്രം തള്ളി
ലാഹോര്‍ സന്ദര്‍ശനത്തിനിടെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കണ്ടുവെന്ന ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്റെ ആരോപണം കേന്ദ്രം തള്ളി. അടിസ്ഥാനരഹിതമായ ആരോപണമാണ് ഖാന് ഉന്നയിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി. അസം ഖാന്റെ ആരോപണങ്ങള്‍ യാതൊരു അടിസ്ഥാനം ഇല്ലാത്തതും തെറ്റുമാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
രാജ്യന്തര നിയമങ്ങള്‍ ലംഘിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പാക്കിസ്ഥാന് സന്ദര്‍ശിച്ചത്. അദ്ദേഹം അവിടെ വച്ച് ദാവൂദിനെ കണ്ടു. ഇക്കാര്യം മോഡി നിഷേധിക്കുകയാണെങ്കില്‍ തെളിവ് നല്‍കാം. ആരെല്ലാമാണ് അടച്ചിട്ട വാതിലിനു പിന്നില്‍ ഉണ്ടായിരുന്നതെന്നും പറയാമെന്നായിരുന്നു അസം ഖാന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഷെരീഫ്, അദ്ദേഹത്തിന്റെ അമ്മ, ഭാര്യ, മക്കള്‍ എന്നിവര്‍ക്കൊപ്പം ദാവൂദും അവിടെ ഉണ്ടായിരുന്നുവെന്നാണ് അസം ഖാന്റെ ആരോപണം.
നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ദാവൂദും ഷെരീഫിന്റെ പേരക്കുട്ടിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, അസം ഖാന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. മന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്ന് ബിജെപി നേതാവ് സുധന്‍ഷു മിത്തല്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ടു. അസംഖാന്റെ ആരോപണം ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിയാണ് അസംഖാന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha