പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും സൗകര്യമില്ലാതെ ഇന്ത്യയിലെ വനിതാ പൊലീസുകാര്‍
വനിതാ പൊലീസുകാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച സര്‍വെയുടെ പുറത്തുവന്ന ഫലം കൂടുതല്‍ വനിതകളെ സേനയുടെ ഭാഗമാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കു മുമ്പില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും വേണ്ട വിധമില്ലാത്ത ജോലി സാഹചര്യമാണ് ഇന്ത്യയിലാകമാനമുള്ള വനിതാ പൊലീസുകാരുടെത്. മണിക്കൂറുകളോളം ദാഹിച്ചുവലയേണ്ടി വരുന്ന ഇവര്‍ക്ക് ആവശ്യത്തിനുള്ള ടോയ്ലറ്റ് സംവിധാനമൊരുക്കാന്‍ സേനയ്ക്കാകുന്നില്ല. ജോലിയ്ക്കായി നിയോഗിക്കപ്പെടുന്ന മിക്ക സ്ഥലങ്ങള്ക്കടുത്തും ടോയ്ലറ്റുണ്ടാകാറില്ല എന്നതാണ് കാരണം.
ആണുങ്ങള്‍ക്കായി ഉണ്ടാക്കിയിട്ടുള്ള ബുള്ളറ്റ് പ്രൂഫ്, മറ്റ് ശരീര സംരക്ഷണ മേല്‍ക്കുപ്പായങ്ങള്‍ എന്നിവ കൂടുതല്‍ മുറുക്കവും ഭാരവുമുള്ളവയാണ്. ശ്വാസം മുട്ടലുണ്ടാക്കുന്ന തരത്തിലുള്ള ഈ കുപ്പായങ്ങള്‍ സ്ത്രീകള്‍ക്ക് പാകമാകത്തക്ക വിധമാക്കേണ്ടതിന്റെ ആവശ്യകത സര്‍വെയില്‍ പങ്കെടുത്തവര്‍ എടുത്തു പറയുന്നുണ്ട്. സ്വകാര്യത എന്ന വാക്കിന്റെ അര്‍ത്ഥം പോലും പുനര്നിര്ണ്ണയിക്കേണ്ടതായിട്ടാണിരിക്കുന്നത്. സ്വകാര്യ ഇടം എന്നത് സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്തമായ സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവുമാണ്. ലോക്കര്‍ റൂമുകള്‍ ആണുങ്ങള് വെടിവട്ടങ്ങള്ക്കുപയോഗിക്കുമ്പോള് സ്ത്രീകള്‍ നിസ്സഹായരാകുകയാണ്. മൂത്രമൊഴിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ വെള്ളം കുടിക്കാതിരിക്കുന്നത് മറ്റ് ജോലികളിലെന്ന പോലെ ഇവിടെയും സ്ത്രീകള്‍ തുടരുന്നു. ദിവസങ്ങള്‍ നീളുന്ന ജോലിയ്ക്കിടെ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ കഴുകാനും കഴിയുന്നില്ല എന്ന ബുദ്ധിമുട്ടും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തി.
ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റും സി.ആര്.പി.എഫും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് വനിതാ പൊലീസ് കോണ്‍ഫറന്‍സിലാണ് സര്‍വെ ഫലങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചത്. കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പി വരെയുള്ള 334 സ്ത്രീകള്‍ പങ്കെടുത്ത സര്‍വെ സശസ്ത്ര സീമാബല്‍ ഐ.ജി രേണുക മിശ്രയാണ് നടത്തിയത്. സി.ആര്.പി.എഫ്, സശസ്ത്ര സീമാബല്‍, ഹൈദരാബാദ് ദേശീയ പൊലീസ് അക്കാദമി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ സംസ്ഥാന പൊലീസ് എന്നീ സേനകളില്‍ നിന്ന് നേരിട്ട് ശേഖരിച്ച വിവരങ്ങള്‍ക്കൊപ്പം പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെയും രണ്ടാമത് ഭരണ പരിഷ്കാര കമ്മീഷന്റെ റിപ്പോര്‍ട്ടുകളും പഠനത്തിന് ആധാരമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha