രാഷ്ട്രപതി ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തില്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തില്‍. 'പ്രസംഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളര്‍ന്നു. അവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാവം' എന്ന പ്രതികരണമാണ് സോണിയയെ വെട്ടിലാക്കിയത്. പ്രസംഗം മുഴുവന്‍ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.
അതേസമയം, സോണിയയുടെ പരാമര്‍ശം രാഷ്ട്രപതിയുടെ പദവിയെ അവഹേളിക്കുന്നതും ഫ്യൂഡല്‍ മനോഭാവം വ്യക്തമാക്കുന്നതുമാണെന്ന് ബിജെപി വിമര്‍ശിച്ചു. പ്രസ്താവനയ്ക്കെതിരെ രാഷ്ട്രപതി ഭവനും രംഗത്തെത്തി. രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചു കോണ്‍ഗ്രസിന്റെ ചില പ്രമുഖ നേതാക്കള്‍ നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരവും പൂര്‍ണമായും ഒഴിവാക്കേണ്ടതുമായിരുന്നെന്ന് രാഷ്ട്രപതി ഭവന്‍ പറഞ്ഞു. രാഷ്ട്രപതിയുടെ പദവിയെ വ്രണപ്പെടുത്തുന്ന പരാമര്‍ശമായിരുന്നു അത്. മര്യാദയുടെ ലംഘനമാണ് അവര്‍ ചെയ്തതെന്നും രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
' രാഷ്ട്രപതി ഒരു ഘട്ടത്തിലും തളര്‍ന്നുപോയിട്ടില്ല. മറിച്ച്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമായി സംസാരിക്കുക എന്നത് ക്ഷീണിപ്പിക്കുന്ന കാര്യമല്ലെന്നാണ് രാഷ്ട്രപതി വിശ്വസിക്കുന്നത്'-രാഷ്ട്രപതി ഭവന്റെ പ്രസ്താവനയില്‍ പറയുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വരേണ്യ, ദരിദ്ര-ആദിവാസി വിരുദ്ധ സ്വഭാവമാണ് സോണിയയുടെ പ്രസ്താവനയില്‍ തെളിയുന്നതെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ പറഞ്ഞു. കോണ്‍ഗ്രസ് മാപ്പു പറയണമെന്നും നഡ്ഡ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























