ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചത് ജനങ്ങളുടെ ബഡ്ജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചത് ജനങ്ങളുടെ ബഡ്ജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഡ്ജറ്റ് ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങള്‍ നിറവേറ്റുന്നതാണെന്നും 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. 'ബഡ്ജറ്റുകള്‍ പലപ്പോഴും ട്രഷറി നിറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഈ ബഡ്ജറ്റ് ജനങ്ങളുടെ പോക്കറ്റുകള്‍ നിറയ്ക്കാനും സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു' - പ്രധാനമന്ത്രി പറഞ്ഞു. ആദായ നികുതി ഇളവ് മദ്ധ്യവര്‍ഗത്തിലെ, ശമ്പളമുള്ള ജീവനക്കാര്‍ക്ക് വലിയ നേട്ടമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്കായുള്ള ബഡ്ജറ്റിലെ പ്രഖ്യാപനങ്ങള്‍ കാര്‍ഷിക മേഖലയിലും ഗ്രാമീണ സമ്പദ്വ്യവസ്ഥയിലും വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍വച്ച് നിര്‍മല സീതാരാമനെ അഭിനന്ദിക്കുകയും ചെയ്തു. 'എല്ലാവരും താങ്കളെ പ്രശംസിക്കുന്നു, ബഡ്ജറ്റ് വളരെ മികച്ചതാണ്' അദ്ദേഹം ധനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി, നിര്‍മ്മലാ സീതാരാമന്‍ ഇരിക്കുന്ന ബെഞ്ചിനടുത്തെത്തിയാണ് അവരെ അഭിനന്ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മദ്ധ്യവര്‍ഗം,കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബഡ്ജറ്റ് അവതരണം തുടങ്ങിയത്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റായിരുന്നു ഇത്. നിര്‍മ്മലാ സീതാരാമന്റെ തുടര്‍ച്ചയായ എട്ടാം ബഡ്ജറ്റും കൂടിയാണ്. ഇതോടെ തുടര്‍ച്ചയായ ഏഴ് ബഡ്ജറ്റുകള്‍ അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കാഡ് നിര്‍മ്മലാ സീതാരാമന്‍ മറികടന്നു.
https://www.facebook.com/Malayalivartha



























