കൊല്‍ക്കത്തയില്‍ പിതാവിന്റെ കാമുകിയെ കുത്തി കൊലപ്പെടുത്തി 16കാരന്‍

കൊല്‍ക്കത്തയില്‍ പിതാവിന്റെ കാമുകിയെ കുത്തി കൊലപ്പെടുത്തി പതിനാറുകാരന്‍. പിതാവും കാമുകിയും സഞ്ചരിച്ച കാര്‍ പതിനാറുകാരനും അമ്മയും കൂട്ടാളിയായ 22 കാരനും ചേര്‍ന്ന് മറ്റൊരു കാറില്‍ പിന്തുടര്‍ന്നു. കിഴക്കന്‍ കൊല്‍ക്കത്തയിലെ തിരക്കേറിയ ഇഎം ബൈപാസ് റോഡിലുള്ള ഒരു ചായക്കടയില്‍ ഇരുവരും ചായകുടിക്കാന്‍ കാര്‍ വഴി സൈഡില്‍ ഒതുക്കിയപ്പോഴായിരുന്നു ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.
പിതാവിന്റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടര്‍ന്നാണ് പതിനാറുകാരനും അമ്മയും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. പിതാവിന്റെ കാറിന്റെ ജിപിഎസ് പരിശോധിച്ചാണ് മറ്റൊരു കാറില്‍ ഇവര്‍ എത്തിയത്. പിതാവും യുവതിയും ചായ കുടിക്കാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ പതിനാറുകാരന്‍ കത്തിയുമായി ഇവിടേയ്ക്ക് എത്തി. കാറില്‍ ഇരിക്കുകയായിരുന്ന യുവതിയെ ഡോര്‍ തുറന്ന് പുറത്തേയ്ക്ക് വലിച്ചിറക്കി പതിനാറുകാരന്‍ കുത്തുകയായിരുന്നു. ഇതിനിടെ അമ്മയും 22 കാരനും എത്തി യുവതിയെ ക്രൂരമായി മര്‍ദിച്ചു. യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പതിനാറുകാരന്‍ നിലത്തിട്ട് തുടരെ കുത്തുകയായിരുന്നു.
പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി വിവാഹിതയാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂര്‍ച്ചയേറിയ ആയുധമാണ് പ്രതി ആക്രമിക്കാന്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























