ഗുജറാത്ത് കലാപത്തിലെ അതിജീവിതയും മുന്‍ കോണ്‍ഗ്രസ് എം.പി എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യയുമായ സാക്കിയ ജഫ്രി അന്തരിച്ചു...

ഗുജറാത്ത് കലാപത്തിലെ അതിജീവിതയും മുന്‍ കോണ്‍ഗ്രസ് എം.പി എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യയുമായ സാക്കിയ ജഫ്രി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യമുണ്ടായത്.. അഹമ്മദാബാദില്‍ വച്ച് ഇന്നലെ രാവിലെ 11.30ഓടെ അന്തരിച്ചതായി മകന്‍ തന്‍വീര്‍ അറിയിച്ചു. എഹ്‌സാന്‍ ജഫ്രിയുടെ കബറിടത്തോട് ചേര്‍ന്ന് സംസ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തെത്തുടര്‍ന്നുണ്ടായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെ അതിജീവിച്ചു. ഈ കലാപത്തിലാണ് എഹ്‌സാന്‍ ജഫ്രി കൊല്ലപ്പെട്ടത്. 2006 മുതല്‍ സാക്കിയ ജഫ്രി ഗുജറാത്ത് സര്‍ക്കാരിനെതിരെ ദീര്‍ഘകാലം നിയമപോരാട്ടം നടത്തി. കലാപത്തിലെ ഇരകള്‍ക്ക് നീതി കിട്ടാന്‍ വേണ്ടി പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ പോരാട്ടമുഖമായി സാക്കിയ മാറുകയായിരുന്നു. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്കും മറ്റുള്ളവര്‍ക്കും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് അവര്‍ നല്‍കിയ ഹര്‍ജി 2022ല്‍ സുപ്രീം കോടതി തള്ളി.
2023 വരെ, കൂട്ടക്കൊലയുടെ വാര്‍ഷികത്തില്‍ സാക്കിയ ഗുല്‍ബര്‍ഗ് സൊസൈറ്റി സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു. മകള്‍ നിസ്രിന്‍. സാക്കിയയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha



























