ജനങ്ങളുടെ ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി

ജനങ്ങളുടെ ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യവര്‍ഗത്തിന്റെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്ന ബജറ്റാണിത്. രാജ്യം സാമ്പത്തികമായി വളരുകയാണ്. മുന്‍കാലങ്ങളില്‍ അഴിമതി ജനങ്ങളെ തിന്നുതീര്‍ക്കുമായിരുന്നു. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം അപഹരിക്കപ്പെടുമായിരുന്നു. ബിജെപിയുടെ സത്യസന്ധമായ ഭരണം എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായാണ് പ്രവര്‍ത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
''ഈ ബജറ്റ് മധ്യവര്‍ഗ സൗഹൃദ ബജറ്റാണെന്നാണ് മുഴുവന്‍ മധ്യവര്‍ഗവും പറയുന്നത്. എല്ലാ കുടുംബങ്ങളും സന്തോഷത്തിലും പ്രതീക്ഷയിലുമാണ്. നെഹ്റുവിന്റെ കാലത്ത് 12 ലക്ഷം രൂപ സമ്പാദിച്ചിരുന്നെങ്കില്‍ ശമ്പളത്തിന്റെ നാലിലൊന്നും നികുതിയായി നല്‍കേണ്ടി വന്നു. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് 12 ലക്ഷം രൂപ വരുമാനത്തിനു 10 ലക്ഷം രൂപ നികുതി നല്‍കേണ്ടി വന്നു. എന്നാല്‍ ബിജെപി സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ക്ക് നികുതി നല്‍കേണ്ടി വരില്ല'' - മോദി പറഞ്ഞു.
ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയില്‍ വികസനത്തിന്റെ പുതിയ വസന്തം എത്തും. ഇത്തവണ ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണ്. ആം ആദ്മി അവര്‍ക്കു ലഭിച്ച സമയം പാഴാക്കി. ഭരിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് നല്‍കണം എന്ന് അഭ്യര്‍ഥിക്കുന്നു. ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാനുള്ള അവസരം നല്‍കണം. നിങ്ങള്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതാക്കുമെന്നു വാഗ്ദാനം ചെയ്യുന്നുവെന്നും മോഡി പറഞ്ഞു.
https://www.facebook.com/Malayalivartha



























