പ്രയാഗ്രാജ് കുംഭമേളയുടെ ആത്മീയതയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി....

പ്രയാഗ്രാജ് കുംഭമേളയുടെ ആത്മീയതയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ രാവിലെ 10ന് പ്രയാഗ്രാജ് വിമാനത്താവളത്തിലെത്തിയ മോദി, 10.45ഓടെ കുംഭമേളയുടെ മേഖലയിലെത്തി.
അവിടെ നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ബോട്ടില്‍ ത്രിവേണി സംഗമത്തിലേക്ക് പോയി. ഗംഗ, യമുന, സരസ്വതി നദീകളുടെ സംഗമ സ്ഥാനമായ ത്രിവേണി സംഗമത്തില്‍ 11.20 ഓടെ പുണ്യ സ്നാനം ചെയ്തു. ഇന്നലെ ഭീഷ്മ് അഷ്ടമിയായിരുന്നു. കാവി കളര്‍ ജാക്കറ്റും, നീല ട്രാക് പാന്റ്‌സും രുദ്രാക്ഷ മാലയും ധരിച്ചാണ് ത്രിവേണി സംഗമത്തില്‍ ഇറങ്ങിയത്.
സ്‌നാനം ചെയ്ത് കഴുത്തിലണിഞ്ഞിരുന്ന രുദ്രാക്ഷമാല കൈയിലെടുത്ത് ജപിച്ചു. പിന്നീട് പൂജയും അര്‍ച്ചനകളും ആരതിയും നടത്തി. ഈ സമയം കറുത്ത കുര്‍ത്തയും, ഹിമാചലി തൊപ്പിയുമാണ് ധരിച്ചത്. ഉച്ചയ്ക്ക് 12.30ഓടെ മടങ്ങി.
അതേസമയം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യാന്‍ കഴിഞ്ഞത് മഹാഭാഗ്യമെന്ന് മോദി ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു. ദൈവീക ബന്ധത്തിന്റെ നിമിഷമായിരുന്നു.
കുംഭമേളയില്‍ പങ്കെടുത്ത കോടിക്കണക്കിന് ആള്‍ക്കാരെപ്പോലെ താനും ഭക്തിയുടെ ആത്മാവില്‍ അലിഞ്ഞു. ഗംഗാ മാതാവിന്റെ അനുഗ്രഹത്താല്‍ സമാധാനവും സംതൃപ്തിയും ലഭ്യമായി. രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചു. ഗംഗാ മാതാവ് ഏവര്‍ക്കും സമാധാനവും ജ്ഞാനവും ആരോഗ്യവും ഐക്യവും നല്‍കി അനുഗ്രഹിക്കട്ടെയെന്നും എക്സില്‍ അദ്ദേഹം കുറിച്ചു.
https://www.facebook.com/Malayalivartha


























