കൂട്ടപ്പിരിച്ചുവിടല്‍ നടത്തി ഇന്‍ഫോസിസ്; മൂന്നൂറോളം ട്രെയിനി ഉദ്യോഗാര്‍ത്ഥികളെയാണ് ഇന്‍ഫോസിസ് പിരിച്ചുവിട്ടത്

കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരിക്കുകയാണ് ഇന്‍ഫോസിസ്.മൂന്നൂറോളം ട്രെയിനി ഉദ്യോഗാര്‍ത്ഥികളെയാണ് ഇന്‍ഫോസിസ് പിരിച്ചുവിട്ടത്. മൈസൂരു കാമ്പസിലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടന്നത്. സ്ഥാപനത്തില്‍ ട്രെയിനിയായി ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍. 700 പേരെയായിരുന്നു സ്ഥാപനം ആകെ ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുത്തത്. ഇതില്‍ മുന്നൂറ് പേരാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്.
ജീവനക്കാരുടെ നിലവാരം അളക്കുന്നതിനായി നടത്തുന്ന ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇവര്‍ക്ക് മൂന്ന് തവണ അവസരം നല്‍കിയെന്നും എന്നിട്ടും പരീക്ഷയില്‍ പാസായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടി. ബാച്ചുകളായി ഉദ്യോഗാര്‍ത്ഥികളെ വിളിച്ചുവരുത്തുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയുമായിരുന്നു.
ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന വേളയില്‍ തന്നെ ഇന്റേണല്‍ അസെസ്‌മെന്റിനെ കുറിച്ച് വ്യക്തമാക്കിയിരുന്നുവെന്ന് ഇന്‍ഫോസിസ് പറയുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ കോണ്‍ട്രാക്ടിലും മൂന്ന് ശ്രമങ്ങള്‍ക്കുള്ളില്‍ പരീക്ഷയില്‍ പാസായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സ്ഥാപനം കൂട്ടിച്ചേര്‍ത്തു. രണ്ട് പതിറ്റാണ്ടായി ഈ പ്രക്രിയ തുടര്‍ന്ന് വരികയാണെന്നും ക്ലയന്റുകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും സ്ഥാപനം വ്യക്തമാക്കുന്നു.
അതേസമയം ജോലിക്കെടുത്ത ട്രെയിനികളുടെ എണ്ണം ഉയര്‍ന്നതാണെന്നും ഓഫര്‍ ലഭിച്ച് രണ്ട് വര്‍ഷത്തോളം കാത്തിരുന്ന ശേഷമാണ് ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനായതെന്നും നാസന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനേറ്റ് (എന്‍ഐടിഇഎസ്) ചൂണ്ടിക്കാട്ടി. സാഹചര്യം കണക്കിലെടുത്ത് തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും എന്‍ഐടിഇഎസ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























