പീഡനശ്രമത്തിനിടെ യുവാവ് ട്രെയിനില്‍ നിന്ന് ഗര്‍ഭിണിയായ യുവതിയെ തള്ളിയിട്ട സംഭവം: ചികിത്സയിലിരിക്കെ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു

പീഡനശ്രമത്തിനിടെ യുവാവ് ട്രെയിനില്‍ നിന്ന് ഗര്‍ഭിണിയായ യുവതിയെ തള്ളിയിട്ട സംഭവത്തില്‍ ചികിത്സയിലിരിക്കെ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. കേസില്‍ ഇരുപത്തിയേഴുകാരനായ ഹേമരാജിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. കോയമ്പത്തൂര്‍-തിരുപ്പതി ഇന്റര്‍സിറ്റി എക്സ്പ്രസില്‍ തിരുപ്പൂരില്‍ നിന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് യാത്ര ചെയ്ത 36കാരിയാണ് ആക്രമണത്തിനിരയായത്.
രാവിലെ 6.40ന് ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലാണ് യുവതി കയറിയത്. ആ സമയത്ത് വേറെ ഏഴ് സ്ത്രീകളും ആ ബോഗിയിലുണ്ടായിരുന്നു. ജോലര്‍പേട്ടൈ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അവരെല്ലാവരും ഇറങ്ങി. ഇതോടെ യുവതി തനിച്ചായി. ഈ സമയത്താണ് ഹേമരാജ് ബോഗിയിലേക്ക് ചാടിക്കയറിയത്. യുവാവ് അബദ്ധത്തില്‍ ബോഗിയില്‍ കയറിയതാണെന്നായിരുന്നു അതിജീവിത ആദ്യം കരുതിയത്.
യുവതി ഒറ്റയ്ക്കാണെന്ന് മനസിലായതോടെ ഹേമരാജ് ആക്രമിക്കുകയായിരുന്നു. യുവതി പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ശുചിമുറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ യുവാവ് ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഇതുകണ്ട നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഹേമരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കെ വി കുപ്പം സ്വദേശിയായ ഹേമരാജിനെതിരെ നിരവധി കേസുകളുണ്ടെന്നും മുമ്പും ഇയാള്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സ്ഥിരം കുറ്റവാളിയായ ഇയാള്‍ അടുത്തിടെയാണ് കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയത്. അതിജീവിതയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























