അബീർ ഗുലാൽ സിനിമ ഇറക്കരുത്; പഹൽഗാം ആക്രമണത്തിന് പിന്നാലെ പ്രതിഷേധം

പഹൽഗാമിൽ ആക്രമണം നടന്നതിന് പിന്നാലെ പുറത്തിറങ്ങാനിരിക്കുന്ന അബീർ ഗുലാൽ എന്ന സിനിമക്കെതിരെ പ്രതിഷേധം. രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രതിഷേധം കൂടെ അരങ്ങേറിയിരിക്കുന്നത്.
മെയ് 9ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പ്രധാനമായും പറയാൻ ശ്രമിക്കുന്നത് ഒരു ഇന്ത്യൻ പാക് പ്രണയത്തെ കുറിച്ചാണെന്ന സൂചന പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ശേഷം ഇന്ത്യൻ നടി വാണി കപൂറും പാകിസ്ഥാൻ നടൻ ഫവാദ് ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്ന അബീർ ഗുലാൽ എന്ന ചിത്രത്തിനെതിരായ ബഹിഷ്കരണ ആഹ്വാനം ഉണ്ടായത്.
പ്രഖ്യാപനം മുതൽ ഈ ചിത്രം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പാകിസ്ഥാൻ നടനുമായി സഹകരിക്കാനുള്ള ഇന്ത്യൻ ചലച്ചിത്ര രംഗത്തെ തീരുമാനമടക്കമായിരന്നു അന്നത്തെ പ്രധാന വിഷയം. നയതന്ത്ര ബന്ധങ്ങൾ വഷളാകുകയും അതിർത്തിയിലെ സംഘർഷങ്ങൾ വർദ്ധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരനായ ഫവാദ് ഖാന്റെ കാസ്റ്റിംഗ് ചിത്രത്തിനെതിരായ സൈബര്‍ രോഷം ഇരട്ടിപ്പിക്കുകയാണ്.
ഇതിനിടെയാണ് പഹൽഗാം ആക്രമണം കൂടെ സംഭവിച്ചിരിക്കുന്നത്. ഇതോടെ ചിത്രം റിലീസ് ഷെഡ്യൂളിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യം ഉയർന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അതേ സമയം ജമ്മു കശ്മീരിലെ പഹൽഗാമ് ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായിക്കൊണ്ടിരിക്കുന്ന മണിക്കൂറുകളാണ്. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് ഇന്ത്യ കടുത്ത ഭാഷയിൽ തന്നെ മറുപടി പറയുമെന്നാണ് പ്രതീക്ഷ.
പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനമെടുത്തേക്കും. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
https://www.facebook.com/Malayalivartha