പാകിസ്ഥാന് മരണവാറണ്ടുമായി ഇന്ത്യയുടെ റഫേൽ പറന്നിറങ്ങി ; ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനെതിരെ, ശക്തമായ തിരിച്ചടി

പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വന്‍ ആക്രമണം ഇന്ത്യ നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനായി അതിര്‍ത്തി കടന്നുള്ള ഏതൊരു ആക്രമണത്തിനും ഇന്ത്യന്‍ സൈന്യം തയ്യാറാകുമെന്നാണ്, പാക്കിസ്ഥാനും ഭയക്കുന്നത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ഇതിനകം തന്നെ പാക്കിസ്ഥാന്‍ ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഏത് ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നത് ഇന്ത്യയ്ക്ക് മനസ്സിലായിട്ടുണ്ടെങ്കിലും, ഈ കൂട്ടക്കുരുതി പാക്കിസ്ഥാന്‍ സൈനിക നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ നടന്നതായതിനാല്‍, പാക്ക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമോ എന്നാണ്, ഏവരും ഒറ്റു നോക്കുന്നത്.
ശാന്തസുന്ദരമായ ഭൂമിയില്‍ നടത്തിയ അക്രമം ഇന്ത്യയെന്നല്ല ഇന്ത്യയ്ക്ക് പുറമെയുള്ള ലോകശക്തികള്‍ പോലും അംഗീകരിക്കാത്ത നീക്കമായിരുന്നു പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ കഴിഞ്ഞ ദിവസം കശ്മീരില്‍ കണ്ടത്. ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടും രക്ഷയില്ലെങ്കില്‍ പിന്നെ എന്തുചെയ്യും അതേ നിലപാട് തന്നെയാണ് ഇപ്പോള്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നതും.
48 മണിക്കൂറിനുള്ളില്‍ പെട്ടിയും പ്രമാണവുമെടുത്ത് പാകിസ്ഥാനികള്‍ ഇന്ത്യ വിടുക. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചെത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്ഥാവനയില്‍ നിന്നും വായിച്ചെടുക്കാനുവുന്നത് അതുതന്നെയാണ്. തങ്ങളുടെ പൗരന്മാരുടെ ജീവന് പകരം ചോദിച്ചിരിക്കും ഇന്ത്യ.
ആക്രമണത്തില്‍ പങ്കെടുത്തവരെ കുറിച്ചും, പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ ഇതിനകം തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഇന്ത്യയില്‍ ഉള്ളപ്പോള്‍ നടന്ന ആക്രമണത്തെ അമേരിക്കയും ഗൗരവമായാണ് കാണുന്നത്. ഇന്ത്യയ്ക്ക് ഏത് തരം തിരിച്ചടി നടത്താനും അവകാശമുണ്ടെന്ന നിലപാടിലേക്ക് ഇപ്പോള്‍ അമേരിക്കയും മാറിയിട്ടുണ്ട്. സൗദിയും യു.എ.ഇയും ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് നേരെ നടന്ന ആക്രമണത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലേക്ക്… അമേരിക്ക, റഷ്യ, സൗദി അറേബ്യ, ഇസ്രയേല്‍, യു.എ.ഇ, ഇറ്റലി, ഇസ്രയേല്‍, ഇറാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ മാറി കഴിഞ്ഞിട്ടുണ്ട്.
ആക്രമണത്തില്‍ നടുക്കം പ്രകടിപ്പിച്ച ലോകരാജ്യങ്ങള്‍, ഇന്ത്യയ്ക്ക് പ്രഖ്യാപിച്ച പിന്തുണ, ഏത് തരം സൈനിക നടപടിക്കുമുള്ള പിന്തുണ കൂടിയാണ്. അതായത് ഈ ഘട്ടത്തില്‍ ഇന്ത്യ ഏത് തരം ആക്രമണം പാക്കിസ്ഥാനു നേരെ നടത്തിയാലും അതിന് ലോക രാജ്യങ്ങളുടെ പിന്തുണയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. പാക്കിസ്ഥാനെ സഹായിക്കുന്ന ചൈനയെ പോലും വെട്ടിലാക്കുന്ന നടപടിയാണ് ഇപ്പോള്‍ പാക്ക് സൈനിക നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പാക്ക് സൈനിക മേധാവിയുടെ ഇന്ത്യയ്ക്ക് എതിരായ പരസ്യമായ വിദ്വേഷ പ്രസംഗത്തിന് തൊട്ട് പിന്നാലെയാണ്, തീവ്രവാദികള്‍ പഹല്‍ഗാമില്‍ ആക്രമണം നടത്തിയിരിക്കുന്നത്. വലിയ രൂപത്തിലുളള തിരിച്ചടിക്കാണ് ഇന്ത്യ ഇപ്പോള്‍ ഒരുങ്ങുന്നത് എന്നാണ്, അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തി കടന്ന് ഏത് നിമിഷവും, ഇന്ത്യയുടെ സൈനിക നടപടി ഉണ്ടാകുമെന്ന് മാത്രമല്ല, ഈ അവസരം ഉപയോഗിച്ച് പാക്ക് അധീന കശ്മീര്‍ കൂടി ഇന്ത്യ പിടിച്ചെടുക്കുമോ എന്നതും പ്രസക്തമായ ചോദ്യമായി ഉയര്‍ന്നു കഴിഞ്ഞു.
നോര്‍ത്തേണ്‍ കമാന്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ സേനാ സംവിധാനങ്ങള്‍ എന്തിനും തയ്യാറായാണ് നിലയുറപ്പിച്ചിരിക്കുന്നത്. കരസേനക്ക് പുറമെ, നാവിക, വ്യോമ സേനകളും നിര്‍ദ്ദേശത്തിനായി കാത്തിരിക്കുന്ന സാഹചര്യമാണുള്ളത്. ആക്രമണത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഈ വാദത്തെ തള്ളിക്കളയുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്. പാക്ക് സൈന്യവും ഐ.എസ്.ഐയും പ്ലാന്‍ ചെയ്ത് ഭീകരരിലൂടെ നടപ്പാക്കിയ ക്രൂരകൃത്യമാണ് കശ്മീരില്‍ നടന്നത് എന്നാണ്, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ടിആര്‍എഫ്, പാകിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ നിഴല്‍ ഗ്രൂപ്പെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ പറയുന്നത്. ടിആര്‍എഫ് അംഗങ്ങള്‍ ജമ്മുവിലെ കിഷ്ത്വാറില്‍ നിന്ന് കടന്ന്, ദക്ഷിണ കശ്മീരിലെ കൊക്കര്‍നാഗ് വഴി ബൈസരനില്‍ എത്തിയിരിക്കാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. ഇതിനിടെ രണ്ട് കൊടും ഭീകരരെ സൈന്യം വെടിവച്ച് കൊന്നിട്ടുണ്ട്. മേഖലയില്‍ ഇപ്പോഴും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2023 ലെ വിജ്ഞാപനം അനുസരിച്ച്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ എന്നീ നടപടികള്‍ക്ക് ശേഷമാണ്, ടിആര്‍എഫ് എന്ന ഭീകര സംഘടന രൂപം കൊണ്ടിരിക്കുന്നത്. എല്‍ഇടി, തെഹ്രീക്-ഇ-മില്ലത്ത് ഇസ്ലാമിയ, ഗസ്വ-ഇ-ഹിന്ദ് എന്നിവയുള്‍പ്പെടെ നിരവധി ഭീകര സംഘടനകളുടെ സംയോജനമായ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സാജിദ് ജാട്ട്, സജ്ജാദ് ഗുല്‍, സലിം റഹ്‌മാനി എന്നിവരാണുള്ളത്. ഇവരെല്ലാം തന്നെ ലഷ്‌കറുമായി ബന്ധമുള്ളവരാണ്. ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കല്‍, നിരോധിത ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നതിനായുള്ള ആയുധ വിതരണം, തീവ്രവാദികളെ റിക്രൂട്ട് ചെയ്യല്‍, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ സംഘടനയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ടെലിഗ്രാം, വാട്ട്സ്ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ടാംടാം, ചിര്‍പ്വയര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ മേഖലയില്‍ റാഡിക്കലൈസേഷനും, റിക്രൂട്ട്മെന്റും നടത്തുന്നുവെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
ഏപ്രില്‍ 22 ന് ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ 26 വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരെ വരിയായി നിര്‍ത്തി, മതം ചോദിച്ച ശേഷം വെടിവച്ച് കൊല്ലുകയാണ് ഉണ്ടായത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിവെയ്പ് നടത്തിയ ശേഷം തീവ്രവാദികള്‍ ഓടി രക്ഷപ്പെടുകയാണുണ്ടായത്. അതേസമയം, ഇന്ത്യയുടെ തിരിച്ചടി ഏത് രൂപത്തിലായിരിക്കും എന്നാണ്, ലോക രാജ്യങ്ങള്‍ ഇപ്പോള്‍ ഒറ്റു നോക്കുന്നത്. ഈ തിരിച്ചടി ഇന്ത്യ – പാക്ക് യുദ്ധത്തില്‍ കലാശിക്കുമോ എന്ന ആശങ്കയും ശക്തമാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി മുന്‍പ് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യ, ഈ ഘട്ടത്തില്‍ തിരിച്ചടിക്കുമ്പോള്‍, അത് പാക്കിസ്ഥാന് ഒരിക്കലും മറക്കാന്‍ പറ്റാത്ത മുറിവായി മാറുവാനാണ് സാധ്യത.
ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിന്നു തന്നെ പാക്കിസ്ഥാനിലെ ലക്ഷ്യ സ്ഥാനങ്ങള്‍ ചാരമാക്കാന്‍ ശേഷിയുള്ള റാഫേല്‍ വിമാനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുണ്ട്. ഫ്രാന്‍സില്‍ നിന്നും എത്തിയ ഈ ആധുനിക ഫൈറ്റര്‍ വിമാനത്തിന് പാക്കിസ്ഥാന്റെ രുചിയറിയാനുളള അവസരമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
ഫോര്‍ത്ത് ജനറേഷന്‍ അഥവാ നാലാം തലമുറയില്‍ പെട്ട ഫ്രഞ്ച് നിര്‍മിത അറ്റാക്ക് വിമാനമായ റാഫേല്‍ വിമാനങ്ങളില്‍ ഇരട്ട എഞ്ചിനുകളാണ് ഉള്ളത്. കൂടാതെ ഇവ ആണവ ആയുധം വഹിക്കാന്‍ കഴിയുന്ന സെമി സ്റ്റെല്‍ത് പോര്‍വിമാനങ്ങള്‍ കൂടിയാണ്. മൂന്ന് സിംഗിള്‍ സീറ്ററുകളും രണ്ട് ഇരട്ട സീറ്ററുകളുമുള്ള ഈ വിമാനങ്ങളുടെ വിവിധ മോഡലുകളാണ് ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നത്. എയര്‍-ടു-എയര്‍ മീറ്റിയോര്‍, എയര്‍-ടു-ഗ്രൗണ്ട് സ്‌കാല്‍പ്പ്, ഹാമ്മര്‍ മിസൈലുകള്‍, എന്നീ മാരകമായ ആയുധങ്ങളാണ് റാഫേലില്‍ ഘടിപ്പിക്കാന്‍ കഴിയുക. അതിനാല്‍ മാരക പ്രഹരശേഷിയുള്ള അത്യന്താധുനിക യുദ്ധവിമാനങ്ങളുടെ ശ്രേണിയില്‍ മുന്‍നിരക്കാരനായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 37 കിലോമീറ്ററോ അതില്‍ കൂടുതല്‍ ദൂരമുള്ള വസ്തുക്കളെയോ നശിപ്പിക്കാന്‍ കഴിയുന്ന മിസൈലുകളാണ് ബിയോണ്ട് -വിഷ്വല്‍- റേഞ്ച് മിസൈല്‍സ്.
റാഫേലില്‍ ഈ മിസൈലുകളുടെ പരിധി 150 കിലോമീറ്ററിലും അധികമാണ്. അതിനാല്‍ 150 കിലോമീറ്റര്‍ അകലെ ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ നിന്നു തന്നെ, പാകിസ്ഥാനെതിരെ റാഫേല്‍ വിമാനങ്ങള്‍ക്ക് മിസൈല്‍ ആക്രമണം നടത്താന്‍ കഴിയും. കൂടാതെ വിമാനങ്ങള്‍ക്ക് ലേസര്‍ ഗൈഡഡ് ബോംബുകള്‍ വഹിക്കാനുള്ള ശേഷിയുമുണ്ട്. മറ്റൊരു പ്രത്യേകത റാഫേലിന്റെ കോമ്പാറ്റ് റേഡിയോസ് 3,700 കിലോമീറ്ററാണ് എന്നതാണ്. എന്നുവെച്ചാല്‍, ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 3700 കിലോമീറ്റര്‍ ദൂരം വരെ പറക്കാന്‍ ഈ പോര്‍വിമനത്തിന് കഴിയും. ഇത് ചൈനയുടെ ചെങ്ഡു ജെ-20 വിമാനങ്ങളുടെ കോംബാറ്റ് റേഡിയസിനെക്കാള്‍ പരിധി കൂടുതലാണ്. ചെങ്ഡു ജെ-20 എയര്‍ക്രാഫ്റ്റ് ചൈനയുടെ മികച്ച പോര്‍വിമാനമാണ് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ വിമാനങ്ങളിലെ എന്‍ജിനുകള്‍ മൂന്നാമത്തെ തലമുറയുള്ള എഞ്ചിനുകളാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
റാഫേല്‍ വിമാനങ്ങളില്‍ ഇവയെക്കാള്‍ ശക്തിയേറിയ എം- 88 എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. മറ്റു യുദ്ധ വിമാനങ്ങളെക്കാള്‍ ഉയരത്തില്‍ പറക്കാനും ഇതുവഴി കഴിയും. പറന്നുകൊണ്ടുതന്നെ താഴെയുള്ള ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്താനും, അത് സേനാ കേന്ദ്രങ്ങളിലേക്ക് അയക്കാനുള്ള മികവുറ്റ ആധുനിക സംവിധാനങ്ങളും റാഫേല്‍ വിമാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, റാഫേല്‍ വിമാനങ്ങള്‍ക്ക് അതിന്റെ 1.5 മടങ്ങ് ഭാരമുള്ള ലോഡുകള്‍ വെച്ചുപറക്കാനും കഴിയും. എന്നാല്‍ ചൈനയുടെ ചെങ്ഡു ജെ-20 വിമാനങ്ങള്‍ക്ക്, 1. 2 മടങ്ങ് ഭാരമുള്ള ലോഡുകള്‍ മാത്രമേ വഹിക്കാന്‍ കഴിയുകയൊള്ളൂ. അതിനാല്‍… ചെങ്ഡു വിമാനങ്ങളെക്കാള്‍ ആയുധങ്ങളും കൂടുതല്‍ ഇന്ധനവും റാഫേലിന് വഹിക്കാന്‍ കഴിയും.
അഫ്ഗാനിസ്ഥാന്‍, ലിബിയ, മാലി എന്നീ രാജ്യങ്ങളില്‍, ഇതിനകം തന്നെ ഫ്രഞ്ച് വ്യോമസേനയുടെ ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുള്ള റാഫേല്‍, യുദ്ധ രംഗത്തെ ഇതിനകം തന്നെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്.
എന്നാല്‍, ചെങ്ഡു ജെ-20 വിമാനങ്ങള്‍ക്ക് യഥാര്‍ത്ഥ യുദ്ധ രംഗത്ത് പ്രവര്‍ത്തിച്ച ഒരു ചരിത്രവുമില്ല. വലിയ തോതില്‍ ശത്രു സൈന്യത്തിനെ ഭയപ്പെടുത്തുന്ന ഹാമ്മര്‍ അഥവാ ഹൈലി എജൈല്‍ മോഡുലാര്‍ അമ്യുണിഷന്‍ എക്സറ്റന്‍ഡഡ് റേഞ്ച് മിസൈലുകളാണ്… റാഫേലിന്റെ മറ്റൊരു സവിശേഷത. ഇത് എയര്‍ ടു ഗ്രൗണ്ട് മിസൈലുകളാണ്. ശത്രു സൈന്യത്തിന്റെ ബങ്കറുകളോ, പര്‍വത പ്രദേശങ്ങളിലുള്ള സൈനിക ഷെല്‍റ്ററുകളോ തകര്‍ക്കാന്‍ കഴിയുന്ന സവിശേഷതയാണ് ഈ മിസൈലുകള്‍ക്ക് ഉള്ളത്. റാഫേല്‍ വിമാനങ്ങളില്‍ ആറ് ഹാമ്മര്‍ മിസൈലുകള്‍ വഹിക്കാനും ഒരേ സമയം ഈ മിസൈലുകള്‍ വച്ചു നിരവധി ആക്രമണങ്ങള്‍ നടത്താനും ശേഷിയുണ്ട്. പ്രധാനമായും ചൈനയുടെയും യു.എസിന്റെയും പഴയ യുദ്ധവിമാനങ്ങളെ ആശ്രയിക്കുന്ന പാക്കിസ്ഥാനെ, റാഫേല്‍ ഉപയോഗിച്ച് ഇന്ത്യ പ്രഹരിച്ചാല്‍, അത് താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. അമേരിക്കയുടെ ആധുനിക യുദ്ധവിമാനമായ എം16നെ വെടി വെച്ചിട്ട, എസ് 400 ട്രയംഫ് എന്ന, റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനവും, ഇന്ന് ഇന്ത്യയുടെ പ്രതിരോധ കരുത്താണ്. ലോകത്തിലെ ഏറ്റവും ശക്തമായ ഈ സംവിധാനം ഉപയോഗിച്ച്, ഏത് പാക്കിസ്ഥാന്‍ വിമാനത്തെയും, മിസൈലുകളെയും തകര്‍ക്കാനും ഇന്ത്യന്‍ സൈന്യത്തിന് എളുപ്പത്തില്‍ കഴിയും.
അതേസമയം, പാക്കിസ്ഥാനോടുള്ള നിലപാട് കൂടുതല്‍ കടുപ്പിച്ച ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ പ്രധാനപ്പെട്ട അഞ്ച് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. 65 വര്‍ഷത്തോളമായി തുടരുന്ന സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് പാക്കിസ്ഥാന്റെ അന്നംമുട്ടിക്കുന്നതും വരള്‍ച്ചയിലേക്ക് നയിക്കുന്നതുമാണ്. ഇന്ത്യയില്‍ നിന്നും ഉത്ഭവിക്കുന്ന ഈ ആറ് നദികളിലെ ജലത്തില്‍ 70 ശതമാനവും നിലവില്‍ പാക്കിസ്ഥാനാണ് ഉപയോഗിക്കുന്നത്. ഇന്ത്യാ – പാക് യുദ്ധ സമയത്ത് പോലും സ്വീകരിക്കാത്ത കടുത്ത നടപടിയാണ് ഇപ്പോള്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മറ്റിയാണ് ഇതു സംബന്ധമായ തീരുമാനം എടുത്തിരിക്കുന്നത്. ഇതിനു പുറമെ, ഇന്ത്യ – പാക് അതിര്‍ത്തികളും അടച്ചിട്ടുണ്ട്. അതിര്‍ത്തി കടന്നവര്‍ക്ക് മെയ് ഒന്നിന് മുന്‍പ് തിരിച്ചെത്താന്‍ പറ്റും. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വീസ നല്‍കില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയില്‍ ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ പോകണം. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കിയിട്ടുണ്ട്. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സൈനിക നടപടിക്ക് മുന്‍പ് തന്നെ ഇന്ത്യ സ്വീകരിച്ച ഈ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍’ അന്തംവിട്ടിരിക്കുകയാണ് പാക് ഭരണകൂടം. ഇന്ത്യയുടെ മാറിയ മുഖം കണ്ട് ലോക രാജ്യങ്ങളും അമ്പരന്നിരിക്കുകയാണ്
https://www.facebook.com/Malayalivartha