തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക കടല്‍ മൈന്‍ സംവിധാനമായ എംഐജിഎം വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒയും ഇന്ത്യന്‍ നാവികസേനയും...

തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക കടല്‍ മൈന്‍ സംവിധാനമായ എംഐജിഎം (മള്‍ട്ടി ഇന്‍ഫ്‌ലുവന്‍സ് ഗ്രൗണ്ട് മൈന്‍) വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒയും ഇന്ത്യന്‍ നാവികസേനയും.
ജലത്തിനടിയില്‍ സ്‌ഫോടനം നടത്താനുപയോഗിക്കുന്ന ഈ നൂതനസംവിധാനം ആധുനിക സ്റ്റെല്‍ത്ത് കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കുമെതിരേ പ്രയോഗിക്കാനായി കഴിയും. ഇന്ത്യന്‍ നാവികസേനയുടെ ജലാന്തര്‍ഭാഗ യുദ്ധമുറകളുടെ ശേഷി എംഐജിഎം വര്‍ധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാകിസ്താന്‍ ബന്ധം കൂടുതല്‍ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ പരീക്ഷണമെന്നത് ശ്രദ്ധേയമാണ്. നിയന്ത്രിത സ്‌ഫോടനമാണ് മള്‍ട്ടി ഇന്‍ഫ്‌ലുവന്‍സ് ഗ്രൗണ്ട് മൈന്‍ ഉപയോഗിച്ച് നടത്തിയതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചനകള്‍ .
മറൈന്‍ കപ്പലുകളില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്ന ശബ്ദതരംഗം, കാന്തികവലയം, സമ്മര്‍ദം, വെള്ളത്തിനടിയില്‍ കപ്പലുകളില്‍ നിന്ന് പ്രവഹിക്കുന്ന വൈദ്യുതി തരംഗങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തുന്നതിനായി എംഐജിഎമ്മില്‍ ഒന്നിലധികം സെന്‍സറുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സിസ്റ്റത്തിന്റെ നിര്‍മ്മാണ പങ്കാളിയായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് പറഞ്ഞു.
വിശാഖപട്ടണത്തെ നാവികസേനയുടെ നിര്‍മ്മാണ കേന്ദ്രവും അപ്പോളോ മൈക്രോ സിസ്റ്റംസ് ലിമിറ്റഡും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. യുദ്ധമുഖങ്ങളില്‍ നൂറ്റാണ്ടുകളായി നാവികസേനയുടെ പ്രധാന ആയുധങ്ങളില്‍ ഒന്നാണ് കടല്‍ മൈനുകള്‍.
"
https://www.facebook.com/Malayalivartha
























