തെരുവുനായയുടെ കടിയേറ്റ് നാല് വയസ്സുകാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ ചികിത്സയിലായിരുന്ന നാല് വയസ്സുകാരി മരിച്ചു. കര്‍ണാടകയിലെ ദാവന്‍ഗെരെയിലാണ് ദാരുണ സംഭവമുണ്ടായത്. ബെംഗളൂരുവിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഖദീറ ബാനു എന്ന കുട്ടിയാണ് മരിച്ചത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തെരുവുനായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഏപ്രിലിലായിരുന്നു സംഭവം നടന്നത്.
നായയുടെ കടിയേറ്റ് ഖദീറയുടെ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ ഉടന്‍ തന്നെ കുടുംബം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
2025 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കര്‍ണാടകയില്‍ 2.86 ലക്ഷം പേര്‍ക്ക് നായകളുടെ കടിയേറ്റെന്നാണ് കണക്ക്. പേവിഷബാധ മൂലം 26 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 4 നും 10 നും ഇടയില്‍ മാത്രം കര്‍ണാടകയില്‍ 5652 പേര്‍ക്ക് നായകളുടെ കടിയേറ്റു. ബെംഗളൂരുവില്‍ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ബൃഹത് ബെംഗളൂരു മഹാനഗര പാലികയെ (ബിബിഎംപി) കര്‍ണാടക ലോകായുക്ത ജസ്റ്റിസ് ബി എസ് പാട്ടീല്‍ വിമര്‍ശിച്ചിരുന്നു.
നായകളുടെ കടിയേറ്റ് പേവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. അക്രമകാരികളായ നായകള്‍ക്കായി നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ ബിബിഎംപിയ്ക്ക് വീഴ്ച പറ്റിയെന്ന് അര്‍ബന്‍ ഡിവിഷന്‍ പൊലീസ് സൂപ്രണ്ട് ഡോ. വംശികൃഷ്ണയുടെ നേതൃത്വത്തില്‍ നടന്ന സ്വതന്ത്ര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലോകായുക്ത പുറത്തുവിട്ടു.
https://www.facebook.com/Malayalivartha