നിമിഷപ്രിയയുടെ മോചനത്തിനായി പണപ്പിരിവ് നടത്തുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി പണം പിരിക്കുന്നെന്ന പ്രചാരണം വ്യാജമെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ പങ്കാളിയാണെന്ന് അവകാശപ്പെടുന്ന കെ എ പോളിന്റെ പോസ്റ്റിലാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണം നല്‍കിയിരിക്കുന്നത്.
നിമിഷപ്രിയയെ മോചിപ്പിക്കാന്‍ 8.3 കോടി രൂപ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് അക്കൗണ്ട് നമ്പര്‍ സഹിതമാണ് പോള്‍ എക്‌സില്‍ പോസ്റ്റിട്ടത്. ഇതിനെതിരെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ മറികടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളും അപ്പോഴത്തെ പുരോഗതികളും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
2017ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെന്നുമാണ് നിമിഷയ്‌ക്കെതിരെയുള്ള കേസ്. ഈ സംഭവത്തിലാണ് വിചാരണ കോടതി നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷ പ്രിയയുടെ മോചനം സാദ്ധ്യമാകുകയുള്ളൂ. എന്നാല്‍ പണം വേണ്ടെന്നും എത്രയും വേഗം വധശിക്ഷ നടപ്പിലാക്കണമെന്നുമാണ് തലാലിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha