യു എസ് ടി ജെൻസിസ് 2025 നോടനുബന്ധിച്ച് 'ക്യാപ്ചർ ദി ഫ്ലാഗ്' മത്സരം സംഘടിപ്പിക്കും; വിജയികൾക്ക് 7.5 ലക്ഷം രൂപയുടെ സമ്മാനങ്ങൾ

ജൂലായ് 2, 2025: സൈബർ സുരക്ഷാ മേഖലയിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും, നിർമിത ബുദ്ധി മേഖലയിലെ പുത്തൻ സങ്കേതങ്ങളിലുള്ള മുന്നേറ്റങ്ങൾ തുടരുന്നതിനുമായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി ഒരു ആഗോള വെർച്വൽ സൈബർ സുരക്ഷാ സമ്മേളനം സംഘടിപ്പിക്കും. ജെൻസിസ് 2025 എന്ന പേരിൽ നടക്കാനിരിക്കുന്ന സൈബർ സുരക്ഷാ സമ്മേളനം ഈ വർഷം ഓഗസ്റ്റ് 23–24 തീയതികളിലാണ് നടക്കുക. സമ്മേളനത്തിന്റെ ഭാഗമായി, ഇന്ത്യയിലുടനീളമുള്ള മികച്ച സൈബർ സുരക്ഷാ പ്രതിഭകളെ കണ്ടെത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ള ക്യാപ്‌ചർ-ദി-ഫ്ലാഗ് (സിടിഎഫ്) മത്സരം സംഘടിപ്പിക്കും. വിജയികളാകുന്ന ടീമിന് 1.5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ഹാക്ക് ദി ബോക്സ്, ലെറ്റ്സ് ഡിഫെൻഡ് തുടങ്ങിയ പങ്കാളികളിൽ നിന്നുള്ള നോൺ-ക്യാഷ് പ്രൈസുകളും ഉൾപ്പെടെ 7.5 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ നൽകും. ഇത് കൂടാതെ, വിജയികൾക്ക് യു എസ് ടി യിൽ സോപാധിക ജോലി അവസരവും ലഭിക്കും.
സിടിഎഫ് മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ജൂലൈ 30 വരെ രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് 2ന് ഓൺലൈനായി പ്രാഥമിക റൗണ്ട് മത്സരം ആരംഭിക്കും. ആദ്യ റൗണ്ടിന് ശേഷം, മികച്ച 50 ടീമുകൾ 2025 ഓഗസ്റ്റ് 23–24 തീയതികളിൽ തിരുവനന്തപുരത്തെ യു എസ് ടി കാമ്പസിൽ സംഘടിപ്പിക്കുന്ന 24-മണിക്കൂർ ദൈർഘ്യമുള്ള ഗ്രാൻഡ് ഫിനാലെയിലേയ്ക്ക് യോഗ്യത നേടും.മറഞ്ഞിരിക്കുന്ന പ്രശ്നങ്ങൾ അന്വേഷിച്ചു കണ്ടു പിടിക്കുക എന്ന ദൗത്യമാണ് ക്യാപ്‌ചർ-ദി-ഫ്ലാഗ് മത്സരാർത്ഥികൾക്കു മുന്നിലുള്ളത്. പസിലുകൾ, സ്ക്രിപ്റ്റുകൾ, സിസ്റ്റങ്ങൾ എന്നിവയിലടങ്ങുന്ന കോഡുകൾ കണ്ടെത്തി തങ്ങളുടെ വിശകലന, സാങ്കേതിക, പ്രശ്നപരിഹാര കഴിവുകൾ പരീക്ഷിക്കുന്നതിനായി സങ്കീർണ്ണമായ സുരക്ഷാ പ്രശ്‌നങ്ങളുടെ ഒരു പരമ്പര തന്നെ പരിഹരിക്കേണ്ടതായുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് നിർമ്മിത ബുദ്ധിയിലൂന്നിയുള്ള വിപുലമായ സുരക്ഷാ വെല്ലുവിളികളും നേരിടേണ്ടതുണ്ട്. മത്സരാർത്ഥികളുടെ കഴിവുകൾ പരീക്ഷിക്കുന്നതിനും അവ ഉയർത്തുന്നതിനുമുള്ള ഒരു വേദിയാകും ഇത്.
"സൈബർ സുരക്ഷയുടെ ഭാവി എന്നത് മനുഷ്യന്റെ ചാതുരിയുടെയും നിർമ്മിത ബുദ്ധി നവീകരണത്തിന്റെയും കൂടിച്ചേരലായി ഞങ്ങൾ വിഭാവനം ചെയ്യുന്നു. അനുഭവപരിചയ പഠനത്തിലൂടെ യഥാർത്ഥ ലോകത്തിലെ സൈബർ സുരക്ഷാ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് അടുത്ത തലമുറയിലെ സൈബർ സുരക്ഷാ പ്രഫഷണലുകളുടെ വികസനത്തിനായുള്ള ഞങ്ങളുടെ സ്ഥിരമായ പ്രതിബദ്ധതയാണ് ജെൻസിസ് 2025 സമ്മേളനം പ്രതിഫലിപ്പിക്കുന്നത്. സിടിഎഫ് മത്സരത്തോടൊപ്പം പാനൽ ചർച്ചകൾ, പ്രബന്ധ അവതരണങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ജെൻസിസ് 2025 ലൂടെ സൈബർ സുരക്ഷാ മേഖലയിൽ യുഎസ് ടിയുടെ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ഭാവിയിലെ സൈബർ സുരക്ഷാ പ്രതിഭകൾക്ക് വേദിയൊരുക്കുകയും ചെയ്യും," യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
കമ്പനിയുടെ ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള കളേഴ്‌സ് സംഘടന ഒരുക്കുന്ന ജെൻസിസ് 2025, വ്യവസായ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും, പാനൽ ചർച്ചകൾ, അത്യാധുനിക സുരക്ഷാ നവീകരണങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ അവതരണം കൊണ്ടും സമ്പന്നമാകും. പ്രായോഗിക പഠനം, സൈബർ സുരക്ഷാ വെല്ലുവിളികൾ, സുരക്ഷയിൽ നിർമ്മിത ബുദ്ധിയുടെ പ്രയോഗങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന, വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള, ശില്പശാലകൾക്കും സമ്മേളനം വേദിയാകും.
https://www.facebook.com/Malayalivartha