നാലമ്പല ദര്‍ശനവുമായി ജനലക്ഷങ്ങള്‍...

കര്‍ക്കടകം ഒന്ന് മുതല്‍ ആരംഭിച്ച നാലമ്പല തീര്‍ത്ഥാടനം അവസാന ദിനങ്ങളിലേക്ക് . ഇതിനകം തന്നെ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് തൃശൂരിലെ നാലമ്പലങ്ങളായ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കൂട കൂടല്‍ മാണിക്യ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മ ണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഒരേ ദിവസം ദര്‍ശനത്തിനായി എത്തിചേര്‍ന്നത്.
മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം പേരാണ് ഇവിടങ്ങളില്‍ ദര്‍ശനത്തിനെത്തിയത്. ദശരഥപുത്രന്‍മാരായ ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളില്‍ ഒരേദിവസം ദര്‍ശനം നടത്തുന്നത് പുണ്യമായാണ് ഭക്തര്‍ കാണുന്നത്.
ശ്രീരാമക്ഷേത്രമായ തൃപ്രയാറില്‍ തൊഴുന്നതോടെയാണ് നാലമ്പല ദര്‍ശനം തുടങ്ങുന്നത്. രാവിലെ നിര്‍മ്മാല്യം തൊഴുതു രാമാനുഗ്രഹവും വാങ്ങിയാണ് ഭക്തര്‍ മറ്റു മൂന്നിടത്തും യാത്ര ചെയ്തെത്തുന്നത്. തൃപ്രയാറില്‍ തുടങ്ങി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളില്‍ തൊഴുത് തൃപ്രയാറില്‍ തന്നെ അവസാനിപ്പിക്കുന്നതാണ് നാലമ്പല തീര്‍ത്ഥാടനം.
ചേറ്റുവ മണപ്പുറത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതാണ് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം. ശ്രീരാമനാമധേയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് ചതുര്‍ബാഹുവായ വിഷ്ണുവാണ്. കിഴക്കോട്ട് ദര്‍ശനമായാണ് പ്രതിഷ്ഠ. കേരളത്തിലെ എറ്റവും വലിയ ദേവ മേള നടക്കുന്ന ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്നതും തൃപ്രയാര്‍ തേവരാണ്.
കൃഷ്ണപക്ഷത്തിലെ എകാദശിയാണ് പ്രധാന വിശേഷം. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രത്തില്‍ ഭരതനാണ് പ്രതിഷ്ഠ. ശിവക്ഷേത്രത്തിനു യോജിച്ച വിധത്തിലാണ് ഇവിടത്തെ ചടങ്ങുകള്‍ നടക്കുന്നത്. ഉപദേവന്‍മാരായി ഇവിടെ ആരുടെയും പ്രതിഷ്ഠയില്ല. ഭഗവാന് എറ്റവും ഇഷ്ടം താമരമാലയാണ്. വേറിട്ട വഴിപാടുകളിലൊന്നാണ് വഴുതന നിവേദ്യം.
ആലുവയ്ക്ക് പടിഞ്ഞാറായി പാറക്കടവിലാണ് മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം. ലക്ഷ്മണ പെരുമാളെ മൂന്നാമതായി വണങ്ങാന്‍ ഭക്തര്‍ ഉച്ചയോടെയാണെത്തുക. നദിയുടെ തെക്കേക്കരയില്‍ പടിഞ്ഞാറ് ദര്‍ശനമായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂഴിക്കുളത്തപ്പന്റെ ശക്തി അക്ഷീണമായി എന്നെന്നും ശോഭിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ലക്ഷ്മണ സ്വാമിയെ പ്രാര്‍ത്ഥിച്ച് ഇഷ്ടപ്പെട്ട കാര്യം സാധിച്ചശേഷം ഭക്തര്‍ നടത്തുന്ന വഴിപാടാണ് തിരുവോണം പ്രസാദ ഊട്ട്. മഹാഗണപതിക്ക് ഒറ്റയപ്പം വഴിപാടുമുണ്ട്.
സുദര്‍ശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നന്‍. ശംഖ്, ചക്രം, ഗദ, പത്മം, എന്നിവയോടു കൂടിയ പ്രതിഷ്ഠയാണ് പായമ്മല്‍ ശത്രുഘ്ന ക്ഷേത്രത്തിലുള്ളത്. ഗണപതിഹോമം പ്രാധാന്യം അര്‍ഹിക്കുന്ന വഴിപാടുകൂടിയാണ്.സുദര്‍ശന ചക്രം നടക്കുവെക്കല്‍, സുദര്‍ശന പുഷ്പാജ്ഞലി, സംഖാഭിഷേകം, തുലാഭാരം എന്നിവയാണ് വഴിപാടുകള്‍. മുഖമണ്ഡപത്തില്‍ ശ്രീരാമ ഭക്തനായ ഹനുമാന്റെ സാന്നിദ്ധ്യവും അവിടെയുണ്ട്.
"
https://www.facebook.com/Malayalivartha