വിഷമദ്യ ദുരന്തത്തില്‍ ചികിത്സയിലുള്ളവരെ നാട്ടിലേക്ക് അയക്കുമെന്ന് കുവൈത്ത്

കുവൈത്തില്‍ വിഷമദ്യ ദുരന്തത്തിന് ഇരയായി ചികിത്സയില്‍ തുടരുന്നവരെ നാട് കടത്താനുള്ള നടപടികള്‍ ആരംഭിച്ചു. 160 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയത്. ദുരന്തത്തില്‍ 23 പേര്‍ മരിച്ചിരുന്നു. ചികിത്സയില്‍ തുടരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ആരോഗ്യ നില മെച്ചപ്പെട്ടാല്‍ ഉടന്‍ നാട്ടിലേക്ക് അയക്കും. ഇവര്‍ക്ക് തിരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ വിലക്കും ഏര്‍പ്പെടുത്തും. ജോലിയും ആരോഗ്യവും നഷ്ടപെട്ട് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇനി എന്ത് ചെയ്യും എന്നുള്ള ആശങ്കയിലാണ് പ്രവാസികള്‍.
കുവൈത്തില്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്ത് വന്നവരാണ് വിഷമദ്യ ദുരന്തത്തില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളാണ് നാട്ടിലുള്ളത്. ആ ചെറിയ തുക കൂടി ലഭിക്കാതെ ആകുമ്പോള്‍ പ്രവാസികളുടെ മിക്ക കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലാകും. അത് മാത്രവുമല്ല നിലവില്‍ ചികിത്സയില്‍ തുടരുന്ന പലരുടെയും കാഴ്ച നഷ്ടപ്പെടുകയും വൃക്ക തകരാറിലാകുകയും ചെയ്തിട്ടുണ്ട്. ഇവരുടെ തുടര്‍ ചികിത്സയ്ക്കുള്ള പണവും ഇനി വീട്ടുകാര്‍ കണ്ടെത്തേണ്ടി വരും. ഇത് പല കുടുംബങ്ങളുടെയും മുന്നോട്ടുള്ള ജീവിതത്തെ സാരമായി ബാധിക്കും.ചികിത്സയില്‍ കഴിയുന്നവരില്‍ 20 പേര്‍ക്ക് കാഴ്ച നഷ്ടമായതായി റിപ്പോര്‍ട്ടുകളുണ്ട്. ചികിത്സയില്‍ തുടരുന്ന ആളുകളുടെ വിവരങ്ങള്‍ കുവൈത്ത് അധികൃതര്‍ പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല.
അതു കൊണ്ട് എത്ര മലയാളികള്‍ ദുരന്തത്തിന് ഇരയായി എന്ന കാര്യത്തിലും വ്യക്തതയില്ല. സംഭവുമായി ബന്ധപ്പെട്ട് 71 പേരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.അതേസമയം, കുവൈത്ത് വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാരുടെയും മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്‌നല്‍കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. ലഹരിയുടെയും മദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്താന്‍ ആണ് പരിശോധന. പരിശോധനയ്ക്ക് വിസമ്മതിച്ചാല്‍ അവര്‍ ലഹരി ഉപയോഗിച്ചതായി കണക്കാക്കി തുടര്‍നപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























