ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം

ജപ്പാനിലെ ഹോക്കൈഡോ ദ്വീപില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന് നേരെ അപ്രതീക്ഷിത കരടി ആക്രമണം. ഉദ്യോഗസ്ഥന്റെ കാറിന് മുന്നിലാണ് അക്രമകാരിയായ കരടി എത്തിയത്. പിന്നാലെ ഡ്രൈവര്‍ കാര്‍ പിന്നോട്ട് എടുത്തെങ്കിലും കരടി വാഹനത്തെ പിന്തുടരുകയായിരുന്നു. കരടിയുടെ ആക്രമണത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.
ഉദ്യോഗസ്ഥന്‍ സുരക്ഷിതനാണെന്നും മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നുമാണ് സംഭവസ്ഥലത്തുള്ളവര്‍ പറയുന്നത്. ജപ്പാനിലെ ഹൊക്കൈഡോയിലും വടക്കുകിഴക്കന്‍ ഹോണ്‍ഷുവിലും കരടികളുടെ ആക്രമണം വര്‍ദ്ധിച്ചുവരികയാണ്. ഏപ്രില്‍ മുതല്‍ രാജ്യത്ത് കരടി ആക്രമണത്തില്‍ 13 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ജപ്പാനിലെ സ്വയം പ്രതിരോധ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്തിന് ചുറ്റും വലിയ കെണികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സുരക്ഷാവസ്തുക്കള്‍, കരടികളെ അകറ്റുന്ന ഉപകരണങ്ങള്‍ എന്നിവ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കരടികളെ വെടിവയ്ക്കാനോ കൊല്ലാനോ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല.
ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളെക്കുറിച്ച് താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതിനായി പരിസ്ഥിതി മന്ത്രാലയവും പ്രാദേശിക അധികാരികളും പ്രത്യേക ഭൂപടം പുറത്തിറക്കിയിട്ടുണ്ട്. ജനവാസ മേഖലകളില്‍ നിന്ന് കരടികളെ തുരത്താന്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും മറ്റുമുള്ള ഉച്ചഭാഷിണികളുള്ള ഡ്രോണുകള്‍ ഉപയോഗിക്കുന്നത് തുടരുകയാണ്. താമസക്കാരെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ജപ്പാല്‍ പ്രധാനമന്ത്രി സനേ തകായിച്ചി പറഞ്ഞു.
https://www.facebook.com/Malayalivartha


























