ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടത്തിയ ഭീകരര്‍ വാങ്ങിയ രണ്ടാമത്തെകാര്‍ ഹരിയാനയില്‍ നിന്ന് കണ്ടെത്തി. ഭീകരരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ഹരിയാനയിലെ ഫരീദാബാദിലെ ഖണ്ഡാവാലി ഗ്രാമത്തില്‍ നിന്നാണ് ഇന്ന് കാര്‍ കണ്ടെത്തിയിരിക്കുന്നത്. ചെങ്കോട്ട സ്‌ഫോടനത്തില്‍ തകര്‍ന്ന ഐട്വന്റി കാറിന് പുറമേ ഭീകരര്‍ വാങ്ങിയത് ഇക്കോസ്‌പോര്‍ട്ട് ആണെന്ന് മനസിലായതോടെ ഈ കാറിന് വേണ്ടി വ്യാപക തിരച്ചില്‍ നടക്കുകയായിരുന്നു.
2017 നവംബര്‍ 22ന് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത ഡിഎല്‍ 10 സികെ 0458 നമ്പര്‍ ഇക്കോസ്‌പോര്‍ട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ചെങ്കോട്ട സ്‌ഫോടനത്തില്‍ മരിച്ച ഡോ. ഉമര്‍ ഉന്‍ നബിയാണ് ഈ വാഹനം ഇപ്പോള്‍ വാങ്ങിയത്. ഖണ്ഡാവാലി ഗ്രാമത്തിലെ ഒരു വീട്ടിനുള്ളില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് വാഹനം കണ്ടത്. അല്‍ ഫലാ സര്‍വകലാശാലയില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരെയാണ് ഈ സ്ഥലം.
സ്‌ഫോടനത്തില്‍ സംശയിക്കപ്പെടുന്ന ഡോക്ടര്‍മാരും മതപണ്ഡിതന്മാരുമടക്കം ഈ സര്‍വകലാശാലയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് ജയ്‌ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്‌വത് ഉല്‍ ഹിന്ദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യാജ മേല്‍വിലാസത്തിലാണ് ഇക്കോസ്‌പോര്‍ട്ട് കാര്‍ ഡോക്ടര്‍ ഉമര്‍ വാങ്ങിയത്. വാഹനം കണ്ടെത്തിയതിന് പിന്നാലെ ഇത് പരിശോധനാ വിധേയമാക്കാന്‍ വിദഗ്ദ്ധരെ നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























