എല്ലാം തമാശകള്‍ ? വിവാദങ്ങളുണ്ടാക്കി ശശി തരൂരും സുനന്ദയും പിന്‍വാങ്ങി, മെഹര്‍ തരാര്‍ ഇരുവര്‍ക്കും ആശംസനേര്‍ന്നു

കേന്ദ്ര മാനവശേഷി സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറും പാകിസ്‌താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും ഉള്‍പ്പെട്ട ട്വിറ്റര്‍ വിവാദത്തിനു താല്‍കാലിക പരിസമാപ്‌തി. തങ്ങള്‍ സന്തുഷ്‌ടദാമ്പത്യം നയിക്കുന്നവരാണെന്നും അങ്ങനെതന്നെ തുടരുമെന്നും തരൂര്‍-സുനന്ദ ദമ്പതികള്‍ സംയുക്‌തപ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
ട്വിറ്ററിലൂടെ വന്ന സന്ദേശങ്ങള്‍ തങ്ങളുടെ അറിവോടെയല്ല. തന്നെ ഐ.എസ്.ഐ. ഏജന്റെന്നു വിളിച്ച സുനന്ദയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ച മെഹര്‍ തരാറും ഇന്നലെ വൈകിട്ട് നിലപാടില്‍ അയവുവരുത്തി. ഇതോടെയാണു വിവാദം തല്‍ക്കാലം തണുത്തത്.
തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ തരാറിന്റേതായി വന്ന ചില ട്വീറ്റുകളാണു വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. തരൂരും തരാറുമായുള്ള അടുപ്പം വ്യക്‌തമാക്കുന്ന ട്വീറ്റുകള്‍ പുറത്തുവന്നതോടെ വിവാദം കൊഴുത്തു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തതായും തല്‍കാലം ട്വിറ്റര്‍ ഉപയോഗം നിര്‍ത്തുകയാണെന്നും തരൂര്‍ വ്യക്‌തമാക്കിയെങ്കിലും ബുധനാഴ്‌ച രാത്രി സുനന്ദ പുഷ്‌കര്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ നല്‍കിയ വിശദീകരണത്തോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.
തരൂരിന്റെ അക്കൗണ്ട് ഹാക്ക് ചെയ്‌തിട്ടില്ലെന്നും ബ്ലാക്ക്‌ബെറി മെസഞ്ചര്‍ വഴി തരൂരും തരാറും കൈമാറിയ വിവരങ്ങള്‍ താനാണു ഭര്‍ത്താവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്‌റ്റ് ചെയ്‌തതെന്നും സുനന്ദ വെളിപ്പെടുത്തി. തങ്ങളുടെ ദാമ്പത്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന തരാര്‍ ഐ.എസ്.ഐ. ഏജന്റാണ്. ഭര്‍ത്താവിനെ തന്നില്‍നിന്ന് അകറ്റാന്‍ അവര്‍ പിന്നാലെ നടന്നു ശല്യപ്പെടുത്തുകയാണെന്നും സുനന്ദ കുറ്റപ്പെടുത്തി.
ഇതോടെ തരാര്‍ തിരിച്ചടിച്ചു. താന്‍ ഐ.എസ്.ഐ. ഏജന്റല്ലെന്നും സുനന്ദയ്‌ക്കു നല്ല സുഖമില്ലാത്തതിനാലാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. എന്നാല്‍, ഇന്നലെ രാവിലെ ഒരു ദൃശ്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലും സുനന്ദ ആരോപണം ആവര്‍ത്തിച്ചു. തുടര്‍ന്ന് നിലപാടു വിശദീകരിച്ച് മെഹര്‍ തരാര്‍ ഇന്ത്യയിലെ വിവിധ മാധ്യമങ്ങളോടു പ്രതികരിച്ചു. ജീവിതത്തില്‍ ഇന്നുവരെ ഒരു ഐ.എസ്.ഐ. ഏജന്റിനെ കണ്ടിട്ടില്ല. ഐ.എസ്.ഐയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ പാകിസ്‌താനില്‍ തനിക്കു ശത്രുക്കളുമുണ്ട്.
ഇതിനിടെയാണു തരൂരിന്റെയും ഭാര്യയുടെയും സംയുക്‌തപ്രസ്‌താവന ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. പാക് മാധ്യമപ്രവര്‍ത്തകയുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ തങ്ങളുടെ അറിവോടെയല്ല. തങ്ങളുടെ അനുവാദമില്ലാതെ വന്ന ട്വീറ്റുകള്‍ ഏറെ അസ്വസ്‌ഥതയുണ്ടാക്കുന്നതാണ്. ഇതോടെ അയഞ്ഞ മെഹര്‍ തരാര്‍ ഇരുവര്‍ക്കും ആശംസനേര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























