മാതാപിതാക്കള്‍ സ്വന്തമായി നിര്‍മിച്ച വീട്ടില്‍ താമസിക്കാന്‍ മകന് നിയമപരമായ അവകാശമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

മാതാപിതാക്കള്‍ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ താമസിക്കാന്‍ മകനു നിയമപരമായ അവകാശമില്ലെന്നു ഡല്‍ഹി ഹൈക്കോടതി. വിവാഹിതനാണെങ്കിലും അല്ലെങ്കിലും മാതാപിതാക്കളുടെ കാരുണ്യത്തിലേ അവര്‍ക്ക് അവിടെ താമസിക്കാനാവൂ എന്നും പരസ്പര സ്‌നേഹത്തോടെ മുന്‍പു താമസിച്ചിരുന്നു എന്നതുകൊണ്ട് ജീവിതകാലം മുഴുവന്‍ അത് അനുവദിക്കേണ്ട ബാധ്യത അവര്‍ക്കില്ലെന്നും കോടതി വിധിച്ചു. മാതാപിതാക്കള്‍ അനുവദിക്കുന്നിടത്തോളം കാലമേ അവര്‍ക്ക് അവിടെ താമസിക്കാനാവൂ എന്നു ജസ്റ്റിസ് പ്രതിഭാ റാണി വിശദീകരിച്ചു. മാതാപിതാക്കള്‍ക്ക് അനുകൂലമായി വിചാരണക്കോടതി നല്‍കിയ വിധി ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയില്‍ മകന്‍ അപ്പീല്‍ നല്‍കിയത്.
ഒപ്പം താമസിച്ചിരുന്ന കാലത്തു രണ്ട് ആണ്‍മക്കളും മരുമക്കളും ചേര്‍ന്നു തങ്ങളുടെ ജീവിതം നരകതുല്യമാക്കിയെന്നും വീട്ടില്‍ കയറുന്നതു വിലക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെന്നും അതിനാല്‍ തങ്ങള്‍ സമ്ബാദിച്ചുണ്ടാക്കിയ വീട്ടില്‍നിന്നു മക്കളെയും മരുമക്കളെയും പുറത്താക്കണമെന്നും കാട്ടി മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിചാരണക്കോടതിയുടെ വിധി.
വീടിന്റെ നിര്‍മാണത്തിനു തങ്ങളും പണം മുടക്കിയിരുന്നുവെന്ന് മകനും ഭാര്യയും അവകാശപ്പെട്ടെങ്കിലും അതു തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം തങ്ങള്‍ പണം മുടക്കിയതിന്റെ രേഖകള്‍ മാതാപിതാക്കള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. അതിനാല്‍ മകന്റെയും ഭാര്യയുടെയും അപ്പീല്‍ ഹൈക്കോടതി തള്ളി.
https://www.facebook.com/Malayalivartha



























