നവംബര്‍ എട്ട് മുതലുള്ള സിസി ടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം

രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം എത്തിയ നവംബര്‍ എട്ട് മുതലുള്ള സിസി ടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 31 വരെയുള്ള ദൃശ്യങ്ങള്‍ സൂക്ഷിക്കാനാണ് നിര്‍ദേശം. നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കിലെത്തിയവരെ തിരിച്ചറിയാനാണ് ഈ നടപടി.
ബാങ്കുകള്‍ തങ്ങളുടെ പണം സൂക്ഷിച്ച് വയ്ക്കുന്ന കാഷ് ചെസ്റ്ററുകളില്‍ നിന്നുള്ള ദൃശ്യങ്ങളും ആര്‍.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് ജീവനക്കാരിലൂടെ തന്നെ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടന്നിട്ടുള്ളതായും ആര്‍.ബി.ഐ സംശയിക്കുന്നു.
ബാങ്കുളില്‍ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ ഇതിനോടകം ആദായനികുതി വകുപ്പ് ശേഖരിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ബാങ്കുകള്‍ക്ക് ലഭിക്കുന്ന പുതിയ നോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാന്‍ ആര്‍.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ക്യാഷ് ചെസ്റ്റുകളില്‍ നിന്നും വിവിധ ബ്രാഞ്ചുകളിലേയ്ക്ക് കൈമാറുന്ന 500, 2000 രൂപാ നോട്ടുകളുടെ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എല്ലാ ദിവസവും അറിയിക്കണമെന്നും ആര്‍.ബി.ഐ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























