പാളിയ നോട്ട് നിരോധനം; കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കര്‍ശന നടപടികളിലേയ്ക്ക്

നോട്ട് രഹിത ഇന്ത്യക്കായി കേന്ദ്രം കടുത്ത നടപടികളിലേക്ക്. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നടപ്പിലാക്കിയ നോട്ടു നിരോധനം പാളിയതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച നോട്ടുരഹിത സമൂഹമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ കര്‍ശന നടപടികളിലേയ്ക്ക് കടക്കുന്നു. അവശ്യ സര്‍വീസുകള്‍ക്ക് ആധാറും പ്രീപെയ്ഡ് കാര്‍ഡുകളും നിര്‍ബന്ധമാക്കാനാണ് നീക്കം. ഇതിന്റെ പരീക്ഷണശാലയായി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്) നെ തീരുമാനിച്ചു കഴിഞ്ഞു.
ആദ്യഘട്ടമെന്ന നിലയില്‍ ആധാര്‍ നിര്‍ബന്ധമാക്കുകയും അവര്‍ക്ക് ഇളവുകള്‍ നല്‍കുകയും ചെയ്യും. ജനുവരി ഒന്നു മുതല്‍ ഈ സംവിധാനം എയിംസില്‍ ആരംഭിക്കും. ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ചാര്‍ജില്‍ ഇളവ് നല്‍കും. ഇപ്പോള്‍ പത്തു രൂപയുള്ള രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ് ആധാര്‍ കാര്‍ഡില്ലാതെ വരുന്നവര്‍ക്ക് പത്തിരട്ടിയായി ഉയര്‍ത്തും. ആധാര്‍ കാര്‍ഡ് ഹാജരാക്കുന്നവര്‍ക്ക് ഏകീകൃത ആരോഗ്യ കാര്‍ഡ് ആശുപത്രി അധികൃതര്‍ നല്‍കും. ഇതുവഴി ചികിത്സാ രേഖകള്‍ എളുപ്പത്തില്‍ നേടാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്.
പിന്നീടാണ് പ്രീപെയ്ഡ് കാര്‍ഡുകള്‍ നടപ്പിലാക്കുക. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പ്രീപെയ്ഡ് കാര്‍ഡുകള്‍ വിതരണം ചെയ്യുക. ഈ കാര്‍ഡുപയോഗിച്ച് മാത്രമേ പിന്നീട് ചികിത്സ തേടാനാവൂ. ബില്ലുകളും മറ്റും അടയ്ക്കുന്നതിന് ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാമെന്ന ന്യായമാണ് അധികൃതര്‍ ഇതിന് നല്‍കുന്നത്. രോഗി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രീപെയ്ഡ് കാര്‍ഡിന്റെ നമ്പര്‍ കൂടി നല്‍കണം. പിന്നീട് ആവശ്യമായ പരിശോധനകള്‍ക്ക് പണമടയ്‌ക്കേണ്ടതില്ല. അത് കാര്‍ഡിലുള്ള തുകയില്‍ നിന്ന് ഈടാക്കും. ആശുപത്രിയില്‍ നിന്ന് വിട്ടുപോകുമ്പോള്‍ ബാക്കിയുള്ള തുക തിരിച്ചു നല്‍കുന്ന വിധത്തിലാണ് എയിംസില്‍ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ മുഴുവന്‍ ക്യൂവില്‍ നിര്‍ത്തിയവര്‍ ക്യൂ നില്‍ക്കേണ്ടതില്ലെന്ന കാരണമാണ് പറയുന്നതെങ്കിലും നോട്ടുക്ഷാമമാണ് തീരുമാനം പെട്ടെന്ന് നടപ്പിലാക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. പ്രീപെയ്ഡ് കാര്‍ഡുള്ളവര്‍ക്കു മാത്രമേ ചികിത്സ നല്‍കൂ എന്ന ഉപാധി ഏര്‍പ്പെടുത്തി ചികിത്സയ്‌ക്കെത്തുന്ന എല്ലാവരേയും കാര്‍ഡ് രഹിതരാക്കാമെന്നാണ് കരുതുന്നത്.
ഇപ്പോള്‍ എയിംസില്‍ മാത്രമേ ഇത് നടപ്പിലാക്കുന്നുള്ളൂവെങ്കിലും കാര്‍ഡുകള്‍ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന വിധത്തില്‍ വ്യാപിപ്പിക്കും. നോട്ടുക്ഷാമം പരിഹരിക്കുന്നതിന് എളുപ്പമാര്‍ഗമായതിനാല്‍ ഭാവിയില്‍ ഇത് മറ്റ് അവശ്യ സര്‍വീസുകള്‍ക്കും ഇത് നിര്‍ബന്ധമാക്കും. നോട്ട് രഹിത ഇടപാടുകള്‍ വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കാര്‍ഡ് ഇടപാടുകള്‍ക്ക് സമ്മാനങ്ങളും ഇളവുകളും പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായാണ് പ്രീപെയ്ഡ് കാര്‍ഡുകള്‍ പരിചയപ്പെടുത്തി എയിംസില്‍ നിന്ന് ഈ പരീക്ഷണം ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha


























