വീട്ടമ്മയുടെ 'മൃതദേഹം' ഗംഗയിലൊഴുക്കി; 40 വര്‍ഷത്തിന് ശേഷം ജീവനോടെ തിരിച്ചെത്തി

കാന്‍പൂരിലെ മജവാന്‍ ഇനായത്ത്പൂര്‍ ഗ്രാമ വാസികള്‍ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. പാമ്പു കടിയേറ്റ് മരിച്ചുവെന്ന് കരുതി പുഴയിലൊഴുക്കിയ വിലാസി എന്ന 82 കാരി ഇപ്പോള്‍ ജീവനോടെ തിരിച്ചെത്തിയിരിക്കുകയാണ്. അപ്പോള്‍ പിന്നെ ആരായാലും ഞെട്ടും.
1976ല്‍ പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് വിലാസിയെ കരിമൂര്‍ഖന്‍ കടിച്ചത്. അടുത്ത ഗ്രാമത്തിലെ വൈദ്യന്റെ അടുത്തെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഇവരുടെ ബോധം തിരിച്ചെടുക്കാന്‍ പറ്റിയിരുന്നില്ല. പിന്നീട് മരിച്ചുവെന്ന് കരുതി 'മൃതദേഹം' ഗംഗയിലൊഴുക്കുകയായിരുന്നു. എന്നാല്‍ പാമ്പിന്റെ വിഷം ചെറിയ അളവില്‍ മാത്രമേ ഇവരുടെ ശരീരത്തിനകത്തേക്ക് കടന്നിരുന്നുള്ളൂ. ഇതുമൂലം ബോധം പോയപ്പോള്‍ മരിച്ചുവെന്നാണ് എല്ലാവരും കരുതിയത്.
പുഴയില്‍ വീണപ്പോള്‍ ബോധം തിരിച്ചുകിട്ടിയ വിലാസിയെ ബോട്ടുകാര്‍ രക്ഷിച്ച് മറ്റൊരു ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ വിലാസിക്ക് അവരുടെ ഓര്‍മ ശക്തി നഷ്ടപ്പെട്ടിരുന്നു. അങ്ങിനെ വര്‍ഷങ്ങളോളം ആ ഗ്രാമത്തില്‍ കഴിഞ്ഞ ഇവര്‍ക്ക് കഴിഞ്ഞ ദിവസം ഓര്‍മ ശക്തി തിരിച്ചുകിട്ടി. തുടര്‍ന്ന് ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയോട് നടന്ന സംഭവങ്ങളെല്ലാം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും, അവരെത്തി വിലാസിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോവുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























