വേഷവിധാനങ്ങള്‍ ശരിയായില്ല; ട്രെയിനിലെ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ പെണ്‍വേഷം കെട്ടിയിറക്കിയ മോഷ്ട്ടാവിനെ കൈയ്യോടെ പൊക്കി!

സ്ത്രീവേഷത്തില്‍ കവര്‍ച്ച നടത്താനെത്തിയ മോഷ്ടാവിനെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും മുംബൈ സെന്‍ട്രല്‍ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. മുംബൈ ഭിവാണ്ടി സ്വദേശിയായ അവിനാശ് സരെറാണ് അറസ്റ്റിലായത്. വനിതകളില്‍ നിന്നും വില പിടിച്ച വസ്തുക്കള്‍ കവര്‍ന്നെടുക്കാന്‍ സ്ത്രീ വേഷത്തില്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിക്കൂടിയ ഇയാള്‍ ദുപ്പട്ട പോലുള്ള തുണികൊണ്ട് മുഖം മറയ്ക്കുകയും ചെയ്തിരുന്നു.
മോഷ്ടാവ് വനിതാ കമ്പാര്‍ട്ടുമെന്റിലുണ്ടെന്ന വിവരത്തേത്തുടര്‍ന്ന് പോലീസ് ഒരുക്കിയ ട്രാപ്പില്‍ ഇയാല്‍ കുടുങ്ങുകയായിരുന്നു. ഇയാളുടെ പേരില്‍ നിരവധി മോഷണക്കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത്തരം വേഷപ്രച്ഛന്നത്തിലൂടെ നിരവധി സ്തീകളില്‍ നിന്നും വസ്തുവകകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.
ജോലിയ്ക്കായുള്ള ഇന്റര്‍വ്യൂവിനു പോയി മടങ്ങിയ ഒരു വനിതയെ ലക്ഷ്യം വച്ചതാണ് ഇയാള്‍ക്ക് പണിയായത്. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ദുപ്പട്ട ധരിച്ച ഒരു സ്ത്രീ തന്റെ അടുത്തെത്തി കത്തി നീട്ടിയെന്ന് ഈ വനിത റെയില്‍വേ പോലീസിന് പരാതി അയച്ചു. പരാതി ലഭിച്ച റെയില്‍വേ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഇയാള്‍ക്ക് പിടിവീണത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പെണ്‍വേഷം കെട്ടിയ പുരുഷനാണ് ഇയാളെന്ന് പോലീസിനു മനസിലായി. തുടര്‍ന്ന് ഇയാളെ ചിഞ്ച്‌പൊക്ലി സ്‌റ്റേഷനില്‍ വച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. രണ്ടു മൊബൈല്‍ഫോണുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സമീപകാലത്താണ് ഇയാള്‍ മോഷണം തുടങ്ങിയതെന്നും മോഷണമുതല്‍ മദ്യപാനത്തിനായാണ് ചെലവിടുന്നതെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























