സംസ്ഥാനത്ത് ബി എസ് എന്‍ എല്‍ നാശത്തിലേക്ക്; എന്നിട്ടും ലാഭത്തില്‍

ഉപഭോക്താക്കളുടെ താല്‍പര്യക്കുറവ് പരിഹരിച്ച് ലാന്‍ഡ് ഫോണ്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ച് ബി എസ് എന്‍ എല്‍ പ്രഖ്യാപിച്ച ഇളവുകള്‍ കേരളത്തില്‍ ഫലംകണ്ടില്ല. എന്നാല്‍ അയല്‍സംസ്ഥാനങ്ങളില്‍ കണക്ഷന്‍ കൂടിയെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി)യുടെ കണക്ക്. രാത്രി ഒമ്പതുമണിക്കും രാവിലെ ഏഴുമണിക്കുമിടയില്‍ ലാന്‍ഡ് ഫോണില്‍നിന്നുള്ള വിളികള്‍ 2016 ഓഗസ്റ്റുമുതല്‍ ബി.എസ്.എന്‍.എല്‍. സൗജന്യമാക്കിയിരുന്നു. രാജ്യവ്യാപകമായി നടപ്പാക്കിയ പദ്ധതി മറ്റുസംസ്ഥാനങ്ങളിലെല്ലാം ഗുണംചെയ്തു. ഒക്ടോബറില്‍മാത്രം കര്‍ണാടകത്തില്‍ 1,542 കണക്ഷനും തമിഴ്‌നാട്ടില്‍ 348 കണക്ഷനും വര്‍ധിച്ചു.
കേരളത്തില്‍ സെപ്റ്റംബറില്‍ 11,828ഉം ഒക്ടോബറില്‍ 7359ഉം ഉപഭോക്താക്കള്‍ കുറഞ്ഞു.
2006ല്‍ ബി എസ്എ ന്‍എല്ലിനുണ്ടായിരുന്ന ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ 39 ലക്ഷമാണ്. അന്ന് 44 ലക്ഷം കണക്ഷന്‍ നല്‍കാനുള്ള അടിസ്ഥാനസൗകര്യമൊരുക്കിയിരുന്നു. കണക്ഷന്‍ പ്രതീക്ഷിച്ച് കാത്തിരിപ്പ് പട്ടികയിലുണ്ടായിരുന്നത് നാലുലക്ഷത്തോളവും. ഇപ്പോള്‍ 39 ലക്ഷത്തില്‍നിന്ന് 21 ലക്ഷമായി ഉപഭോക്താക്കള്‍ കുറഞ്ഞു. 44 ലക്ഷം കണക്ഷനുവേണ്ട കേബിളുകളും മറ്റ് അടിസ്ഥാനസൗകര്യവും ഒരുക്കിയതുവഴി കോടിക്കണക്കിനുരൂപ പാഴാകുകയുംചെയ്തു.
കേരളത്തിലെ ബി എസ് എന്‍ എല്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഇപ്പോഴും വന്‍ ലാഭത്തിലാണ്. ആവശ്യമായ അറ്റകുറ്റപ്പണി നടത്തുകയും ആവശ്യക്കാര്‍ക്ക് കണക്ഷന്‍ നല്‍കുകയും ചെയ്താല്‍ ലാഭം ഇരട്ടിയാക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. ഇളവുകള്‍ പ്രഖ്യാപിച്ചതിനുപിന്നാലെ ബി എസ് എന്‍ എല്‍ ലാന്‍ഡ്‌ഫോണ്‍ കണക്ഷന് ആയിരക്കണക്കിന് പുതിയ ആവശ്യക്കാര്‍ ഓഫീസുകളിലെത്തുന്നുണ്ട്. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതമൂലം നല്‍കാന്‍ കഴിയുന്നില്ല. കേബിള്‍ കുഴിക്കാനും അറ്റകുറ്റപ്പണി നടത്താനും ആവശ്യത്തിന് ജീവനക്കാരില്ല. അതിനാല്‍ മാസങ്ങളായി പ്രവര്‍ത്തിക്കാത്ത ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ ഒട്ടേറെയുണ്ട്.
പരാതി രജിസ്റ്റര്‍ചെയ്തിട്ടും ഫലമില്ലാത്തതിനാല്‍ ഇത്തരം ആയിരക്കണക്കിന് കണക്ഷന്‍ ബി എസ് എന്‍ എല്‍ തന്നെ സ്വമേധയാ വിച്ഛേദിച്ചു. പരാതി പരിഹരിച്ചുകിട്ടിയാല്‍ കണക്ഷന്‍ തുടരുന്നതിന് ഉപഭോക്താക്കള്‍ താത്പര്യം പ്രകടിപ്പിക്കാറുണ്ട്. ഫോണ്‍ സറണ്ടര്‍ ചെയ്തവര്‍പോലും ഇപ്പോള്‍ വീണ്ടും അപേക്ഷിക്കുന്നു. എന്നാല്‍, കണക്ഷന്‍ നല്‍കാനുള്ള ശ്രമം ബി എസ് എന്‍ എല്ലിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. കേബിളിലെയും എക്‌സ്‌ചേഞ്ചിലെയും തകരാറുകള്‍ പരിഹരിക്കാതെ കണക്ഷന്‍ കൂട്ടാനുള്ള ശ്രമം വിജയിക്കില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
https://www.facebook.com/Malayalivartha























