15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഇനി റോഡുകളില്‍ കാണില്ല; നിയമനിര്‍മാണത്തിനു തയ്യാറായി കേന്ദ്രസര്‍ക്കാര്‍

പതിനഞ്ചു വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാനായി നയരൂപീകരണത്തിനൊപ്പം പഴയ വാഹന ഭാഗങ്ങള്‍ പുനരുപയോഗിക്കുന്നതിനുള്ള പദ്ധതി തടയാനും പദ്ധതി. നടപടി പരിസ്ഥിതി മലിനീകരണം തടയുന്നതിന്റെ ഭാഗമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍ പുനരുപയോഗിക്കുന്നതിനുള്ള പദ്ധതിക്കു കൂടി സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ട്. ഇതിലൂടെ പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ചെന്നൈ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓട്ടമൊബീല്‍ ക്ലസ്റ്ററുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണു ഗഡ്കരി പറഞ്ഞത്.
വാഹനങ്ങള്‍ മൂലമുള്ള പരിസ്ഥിതി മലിനീകരണത്തില്‍ 65 ശതമാനവും 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ സൃഷ്ടിക്കുന്നതാണ്. സ്വകാര്യ വാഹനങ്ങള്‍ക്കു 15 വര്‍ഷത്തേക്കാണു രജിസ്‌ട്രേഷന്‍. അതു കഴിയുമ്പോള്‍ വീണ്ടും രജിസ്‌ട്രേഷന്‍ നല്‍കുന്ന സമ്പ്രദായം നിലയ്ക്കും. പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയില്‍ നിരോധിക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍ജിടി) ഉത്തരവിനെതിരേ വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണിത്. എന്‍ജിടി ഉത്തരവു ചോദ്യം ചെയ്തുള്ള ഹര്‍ജി നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. പഴയ ഹര്‍ജിയുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് കോടതി ഇപ്പോള്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ രേഖകള്‍ സമര്‍പ്പിച്ചശേഷം വാദം കേള്‍ക്കാമെന്നു ജസ്റ്റിസ്മാരായ മദന്‍ ബി. ലോക്കുര്‍, പി.സി. പന്ത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























