തമിഴ്‌നാട്ടില്‍ ഇന്നു ട്രെയിനുകള്‍ തടയും വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല; മൗനധര്‍ണയ്ക്കു രജനീകാന്ത്, ഉപവസിക്കാന്‍ എ ആര്‍ റഹ്മാന്‍

തമിഴ്‌നാടിനെ പിടിച്ചുലച്ച് ജെല്ലിക്കെട്ട്. തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്. മോദിയും കൈവിട്ടതോടെ ഓര്‍ഡിനന്‍സിന് സാധ്യത തേടുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുകയും അറ്റോര്‍ണി ജനറലില്‍നിന്ന് അനുകൂല നിയമോപദേശം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്.
ജല്ലിക്കെട്ടിന് അനുമതിക്കു വേണ്ടിയുള്ള പ്രക്ഷോഭം രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലേക്കും കത്തിപ്പിടിക്കുന്ന സാഹചര്യത്തിലാണ് എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ പോംവഴി തേടുന്നത്. തമിഴ് സാംസ്‌കാരിക െപെതൃകം സംരക്ഷിക്കാനുള്ള പ്രക്ഷോഭമെന്ന നിലയില്‍ െവെകാരികമായാണു കാര്യങ്ങള്‍ നീങ്ങുന്നത്. മറീനാ ബീച്ചില്‍ അര ലക്ഷത്തോളം പേരുടെ പ്രതിഷേധം തുടരുകയാണ്. സിനിമാ രംഗത്തെ പ്രമുഖരടക്കം ഇന്നു തെരുവിലിറങ്ങും. മൗനധര്‍ണയ്ക്കു സാക്ഷാല്‍ രജനീകാന്ത് രംഗത്തുണ്ടാകുമെന്നാണു സൂചന.
പ്രധാന പൊങ്കല്‍ ദിനം ശനിയാഴ്ച കഴിഞ്ഞെങ്കിലും മറീനാ ബീച്ച് കേന്ദ്രീകരിച്ച് പ്രതിഷേധം പടരുകയാണ്. ഓര്‍ഡിനന്‍സ് ആവശ്യപ്പെട്ട് ഡി.എം.കെ. ഇന്നു സംസ്ഥാന വ്യാപകമായി ട്രെയിനുകള്‍ തടയും. ബസുകളും ഓട്ടോകളും ടാക്‌സികളും ഇന്നു നിരത്തിലിറങ്ങില്ല. സ്ഥാപനങ്ങള്‍ തുറക്കേണ്ടെന്നാണു വ്യാപാരികളുടെ തീരുമാനം. മദ്രാസ് െഹെക്കോടതി അഭിഭാഷക അസോസിയേഷന്‍ അംഗങ്ങള്‍ ഇന്നു കോടതിയിലെത്തില്ല. പലയിടത്തും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സിനിമാ തിയറ്ററുകളും പ്രവര്‍ത്തിക്കില്ല.
മാട്ടുപ്പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായുള്ള പരമ്പരാഗത കാള മെരുക്കല്‍ വിനോദമാണു ജല്ലിക്കെട്ട്. ഇതു മൃഗപീഡനമാണെന്ന ''പെറ്റ'' (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്) യുടെ പരാതിയില്‍ 2014ല്‍ ഇതു സുപ്രീം കോടതി വിലക്കി. ഇതിനെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ജല്ലിക്കെട്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച വിജ്ഞാപനം സ്‌റ്റേയിലുമാണ്.
ഇതോടെയാണ് അനുകൂല ഓര്‍ഡിനന്‍സ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടത്. ആവശ്യത്തെ പിന്തുണയ്ക്കുമ്പോള്‍ത്തന്നെ, സുപ്രീം കോടതി വിധിപറയാന്‍ മാറ്റിയ വിഷയത്തില്‍ ഇടപെടാനില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. തുടര്‍ന്നാണ് പരമ്പരാഗത കായികവിനോദം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാനാകുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഉപദേശിച്ചത്. കാളകളെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന ഉപാധിയുമുണ്ട്. കമല്‍ഹാസന്‍, വിശ്വനാഥന്‍ ആനന്ദ്, ശ്രീ ശ്രീ രവിശങ്കര്‍, സദ്ഗുരു ജഗ്ഗി വാസുദേവ് തുടങ്ങി വിവിധ മേഖലകളിലുള്ള പ്രമുഖര്‍ ജല്ലിക്കെട്ടിന്റെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാടിന്റെ ആവേശത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഉപവസിക്കുമെന്ന് എ.ആര്‍. റഹ്മാന്‍ അറിയിച്ചു.
ജല്ലിക്കെട്ട് വിഷയത്തില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ച പാട്ടാളി മക്കള്‍ കച്ചി നേതാവ് അന്‍പുമണി രാമദോസ് എം.പിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. റിപ്പബ്ലിക് ദിനത്തിനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചില്ലെങ്കില്‍ നിരോധനം ലംഘിച്ച് ജല്ലിക്കെട്ട് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മറീനാ ബീച്ചിലെ പ്രക്ഷോഭം ചൂണ്ടിക്കാട്ടി ഇന്നലെ പുതിയ ഹര്‍ജി എത്തിയെങ്കിലും പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിസമ്മതിച്ചു. മദ്രാസ് െഹെക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനു നിര്‍ദേശം നല്‍കുകയും ചെയ്തു.
മൂന്നു ദിവസമായി മറീനാ ബീച്ചില്‍ തമ്പടിച്ചിരിക്കുന്ന പുരുഷാരം വിലക്കു നീക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ്. തമിഴ് സംസ്‌കൃതിയെ വാഴ്ത്തിപ്പാടുന്ന മുദ്രാവാക്യങ്ങളാണ് അവിടെ അലയടിക്കുന്നത്. തമിഴ് സംസ്‌കാരത്തിന്റെ അഭിമാനവും പ്രൗഢിയും സംരക്ഷിക്കാനായാണു സമരമെന്നാണു വാദം.
https://www.facebook.com/Malayalivartha























