സഭാ കോടതികള്‍ അനുവദിക്കുന്ന വിവാഹമോചനത്തിന് നിയമസാധുത ഇല്ലെന്ന് സുപ്രീം കോടതി

സഭാ കോടതികള്‍ വഴിയുള്ള വിവാഹമോചനങ്ങള്‍ക്കു നിയമസാധുതയില്ലെന്ന് സുപ്രീം കോടതി. സഭാ കോടതികള്‍ വഴിയുള്ള വിവാഹമോചനങ്ങള്‍ക്കു നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക കാത്തലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ക്ലാരന്‍സ് പയസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണു കോടതിയുടെ ഉത്തരവ്.
1996 ലെ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസിറ്റിസ് ജെ.എസ്. ഖേഹര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 'കാനോന്‍ നിയമത്തിന് ദൈവശാസ്ത്രപരമായും സഭാപരമായും കക്ഷികളില്‍ സ്വാധീനമുണ്ടാകാം.
എന്നാല്‍, വിവാഹമോചന നിയമം നിലവില്‍വന്നശേഷം ഇത്തരം വ്യക്തിനിയമങ്ങള്‍ പ്രകാരമുള്ള വിവാഹമോചനങ്ങള്‍ക്ക് നിയമസാധുതയില്ല. 'കോടതി പറഞ്ഞു. 2013 ല്‍ ആണ് പയസ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള മുത്തലാഖിനു നിമയസാധുതയുള്ളതുപോലെ കാനോന്‍ നിയമപ്രകാരമുള്ള വിവാഹമോചനത്തിനും നിയമസാധുത നല്‍കണമെന്നു പയസിനു വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം (1872), വിവാഹമോചന നിയമം (1869) എന്നിവയെ കാനോന്‍ നിയമം മറികടക്കുന്നത് അനുവദിക്കരുതെന്നു പറഞ്ഞു കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha























