വോട്ടിനേക്കാള്‍ വലുതല്ല പെണ്‍കുട്ടികളുടെ മാനം: ശരദ് യാദവിന്റെ പരാമര്‍ശം വിവാദമാകുന്നു

ജനതാദള്‍ യുണൈറ്റഡ് നേതാവും രാജ്യസഭാ എം.പിയുമായ ശരദ് യാദവ്, വോട്ടിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടാന്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. പെണ്‍കുട്ടികളുടെ മാനത്തിനും മുകളിലാണ് വോട്ടിന്റെ മഹത്വമെന്ന ശരദ് യാദവിന്റെ പ്രസ്താവനയാണ് വിവാദമായത്. ചൊവ്വാഴ്ച പട്‌നയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയാണ് യാദവ് പ്രസ്തുത പരാമര്‍ശം നടത്തിയത്.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ശരദ് യാദവ് രംഗത്ത് എത്തി. പെണ്‍കുട്ടികളുടെ മാനം നഷ്ടപ്പെട്ടാല്‍ അത് ഗ്രാമത്തിനും സമൂഹത്തിനും നാണക്കേടാണ്. എന്നാല്‍ വോട്ടുകള്‍ വില്‍ക്കപ്പെടുമ്പോള്‍ അത് രാജ്യത്തെയാണ് ബാധിക്കുന്നതെന്നും ശരദ് യാദവ് പറഞ്ഞു.
ശരദ് യാദവിന്റെ പ്രസ്താവനയെ തെറ്റായി എടുക്കേണ്ടതില്ലെന്ന് കെ.സി ത്യാഗി പറഞ്ഞു. പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. വോട്ടും പെണ്‍കുട്ടികളെയും മറ്റുള്ളവര്‍ക്ക് നല്‍കാനുള്ളതാണ്. മോശം വീട്ടിലാണ് പെണ്‍കുട്ടി എത്തപ്പെടുന്നതെങ്കില്‍ ആ വീട് നശിക്കും. എന്നാല്‍ വോട്ട് തെറ്റായ വ്യക്തിക്കാണ് നല്‍കുന്നതെങ്കില്‍ അത് രാജ്യത്തെ ബാധിക്കുമെന്നും ത്യാഗി വിശദീകരിച്ചു.
അതേസമയം, ശരദ് യാദവിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷനു മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശരദ് യാദവിന് നോട്ടീസ് അയക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ലളിത കുമാരമംഗലം അറിയിച്ചു. യാദവിനെ പോലെ നിരവധി നേതാക്കള്‍ സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നു. ഇത് പലതവണ ആവര്‍ത്തിക്കുന്നു. ഇതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























