ചിലിയില്‍ വന്‍ നാശം വിതച്ച് കാട്ടുതീ കത്തിപ്പടരുന്നു; ഒമ്പതു മരണം

മധ്യചിലിയില്‍ വന്‍ നാശംവിതച്ച് കത്തിപ്പടരുന്ന കാട്ടുതീയില്‍ ഒമ്പതു മരണം. നാലു അഗ്‌നിശമന സേനാംഗങ്ങളും രണ്ടു പോലീസുകാരുമുള്‍പ്പെടെ ഒമ്പതു പേരാണ് മരിച്ചത്. സാന്റാ ഒളാഗ നഗരത്തിലാണ് കാട്ടുതീ വലിയതോതില്‍ ബാധിച്ചത്. പോസ്‌റ്റോഫീസ് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ കത്തിച്ചാമ്പലായി. ഏകേദശം 1,000 വീടുകള്‍ അഗ്‌നിക്കിരയായി. ഇതുവരെ 160, 000 ഹെക്ടര്‍ വനമാണ് കത്തിയമര്‍ന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് മധ്യ, ദക്ഷിണ ചിലിയിലേക്കും തീപടരുകയാണ്.
ഹെലികോപ്റ്ററുകളും ചെറു വിമാനങ്ങളും ഉപയോഗിച്ചാണ് തീനിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം നടക്കുന്നത്. രാജ്യാന്തര സഹായവും ചിലിക്ക് ലഭിക്കുന്നുണ്ട്. യുഎസിന്റെ ബോയിംഗ് 747400 സൂപ്പര്‍ ടാങ്കര്‍ വിമാനം ചിലയില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. ഒരു സമയം 73, 000 ലിറ്റര്‍ വെള്ളം വഹിക്കാന്‍ കഴിയുന്നതാണ് സൂപ്പര്‍ ടാങ്കര്‍ വിമാനം. റഷ്യയും അവരുടെ സൂപ്പര്‍ ടാങ്കര്‍ വിമാനം ചിലിയിലേക്ക് അയച്ചു. സാന്റാ ഒളാഗ നഗരം ഏതാണ്ട് പൂര്‍ണമായും കത്തിയമര്‍ന്നു.
https://www.facebook.com/Malayalivartha

























