പുണെയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍; പ്രതി പിടിയില്‍

പുണെ ഇന്‍ഫോസിസ് ഓഫിസിനകത്ത് മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കെ. രസീല രാജുവാണ് (25) മരിച്ചത്. സംഭവത്തെത്തുടര്‍ന്നു കാണാതായ അസംകാരനായ സുരക്ഷാ ജീവനക്കാരന്‍ ബാബെന്‍ സൈക്യയെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. പുണെയിലെ ഹിന്‍ജാവാദിയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക്ക് പാര്‍ക്കിലെ ഓഫിസിലാണു യുവതി കൊല്ലപ്പെട്ടത്. കഴുത്തില്‍ കംപ്യൂട്ടര്‍ വയര്‍ മുറുകിയ നിലയിലാണ് ഒന്‍പതാം നിലയിലെ ഓഫിസില്‍ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്. എട്ടു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഓഫീസില്‍ യുവതി മാത്രമായിരുന്നുണ്ടായിരുന്നത്. ബെംഗളൂരുവിലുള്ള മറ്റ് സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍വഴി ബന്ധപ്പെട്ടാണ് ജോലി ചെയ്തത്. പിന്നീട് മാനേജര്‍ യുവതിയെ വിളിച്ചിട്ടു കിട്ടാതായപ്പോള്‍ സുരക്ഷാ ജീവനക്കാരനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഇയാള്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ പ്രതിയെ വൈകാതെ തന്നെ കണ്ടെത്താനായി. നാട്ടിലേക്കു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാബെനെ പൊലീസ് പിടികൂടിയത്. കൊലപാതകം നടന്ന സമയത്ത് ബാബെന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇയാള്‍ ഓഫിസിനുള്ളില്‍ കടന്നതിനു തെളിവു ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























