അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം

അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കമാകുന്നു. പുതുവര്‍ഷത്തെ ആദ്യ സമ്മേളനത്തിന്റെ ആദ്യദിവസം, പതിവനുസരിച്ച്, രാഷ്ട്രപതി ഇരുസഭകളുടെയും സംയുക്തയോഗത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വിശകലനമായ സാമ്പത്തിക സര്‍വേ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വയ്ക്കുന്നതും ഇന്ന്. തുടര്‍ച്ചയായ രണ്ടാം സമ്മേളനത്തിലും നോട്ട് റദ്ദാക്കലിന്റെ നിഴല്‍ വീഴുമെന്നു തെളിയിക്കുന്നതായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി യോഗം.
നോട്ട് റദ്ദാക്കലിന്റെ ആഘാതം ഇപ്പോഴും തുടരുന്നതു കൊണ്ടു പ്രതിപക്ഷം ഇത്തവണയും സഭയില്‍ വിശദ ചര്‍ച്ചയാവശ്യപ്പെടുമെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തില്‍ ഇരു സഭകളിലും ചര്‍ച്ച തുടങ്ങിയതല്ലാതെ പൂര്‍ത്തിയായിരുന്നില്ല. രാഷ്ട്രീയഭിന്നതകള്‍ മറന്നു പാര്‍ലമെന്റ് എന്ന 'മഹാപഞ്ചായത്ത്' തടസ്സമില്ലാതെ നടക്കാന്‍ അനുവദിക്കണമെന്നു മോദി പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. നോട്ട് റദ്ദാക്കലിന്റെ പേരില്‍ ശൈത്യകാല സമ്മേളനം ഏറക്കുറെ സ്തംഭിച്ച സാഹചര്യത്തിലായിരുന്നു അഭ്യര്‍ഥന.
നോട്ട് റദ്ദാക്കലിലും തങ്ങളുടെ എംപിമാരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ആദ്യ രണ്ടു ദിനങ്ങളില്‍ സമ്മേളനം ബഹിഷ്‌കരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇരു സഭകളിലും പ്രതിപക്ഷത്തിന്റെ സംഖ്യാബലവും വാക്ബലവും കുറയ്ക്കുന്ന നീക്കമാണിത്. നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാവരുതെന്നു കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിനിടെ, അവസാന െ്രെതമാസിക സ്ഥിതിവിവരക്കണക്കുകള്‍ ലഭിക്കും മുന്‍പ് അവതരിപ്പിക്കുന്ന ബജറ്റ് അശാസ്ത്രീയമാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടു. പ്രത്യേക റെയില്‍ ബജറ്റില്ലെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ആദ്യദിനം രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, വരും ദിവസങ്ങളില്‍ റെയില്‍ ബജറ്റ്, സാമ്പത്തിക സര്‍വേ, ബജറ്റ് എന്നതായിരുന്നു ഇതുവരെയുള്ള വഴക്കം. ഫെബ്രുവരി ഒന്‍പതിനു സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നതിനു മുന്‍പു തന്നെ നോട്ട് റദ്ദാക്കല്‍ ചര്‍ച്ച നടത്തണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
എങ്കിലും ബജറ്റിനും അടിയന്തര സാമ്പത്തിക നിയമനടപടികള്‍ക്കും പ്രതിപക്ഷം തടസ്സം നില്‍ക്കാനിടയില്ല. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായ ശേഷം മാര്‍ച്ച് ഒന്‍പതു മുതലാണു സമ്മേളനത്തിന്റെ രണ്ടാം ഘട്ടം.
https://www.facebook.com/Malayalivartha

























