റെയില്‍വേ സുരക്ഷയ്ക്കായി ഒരു ലക്ഷം കോടി രൂപ; ഇടിക്കറ്റിന് സര്‍വീസ് ചാര്‍ജ് ഇല്ല

റെയില്‍വേ സുരക്ഷയ്ക്കായി ഒരു ലക്ഷം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. പാത നവീകരണം, പാലങ്ങള്‍ ബലപ്പെടുത്തല്‍ എന്നിവയാക്കായിരിക്കും പണം പ്രധാനമായും ചെലവഴിക്കുക. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങിന് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. റെയില്‍വേയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റായ ഐ.ആര്‍.സി.ടി.സി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കുള്ള സര്‍വീസ് ചാര്‍ജാണ് ഒഴിവാക്കിയത്.
പുതു വര്‍ഷത്തില്‍ 3,500 കിലോമീറ്റര്‍ പുതിയ റെയില്‍പാത കമീഷന്‍ ചെയ്യാനും പദ്ധതിയുണ്ട്. 2019 ഓടെ രാജ്യത്തെ എല്ലാ കമ്പാര്‍ട്ട്‌മെന്റുകളിലും ബയോ ടോയ് ലറ്റുകള്‍ സജ്ജീകരിക്കും. 2,000 സ്‌റ്റേഷനുകള്‍ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റും. പ്രത്യേക വിനോദ സഞ്ചാര സോണുകള്‍ പ്രഖ്യാപിക്കും. റെയില്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ മിത്ര കോച്ച് പദ്ധതി തുടങ്ങും. രാജ്യത്തെ 500 സ്‌റ്റേഷനുകളില്‍ ലിഫ്റ്റ് സൗകര്യമൊരുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കോച്ച് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഏക ജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപനമുണ്ട്. നിലവില്‍ സീറ്റുകള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്രീകൃത സംവിധാനമില്ലാത്തതു മൂലം യാത്രാക്കാര്‍ തമ്മിലും മറ്റുമുള്ള സംഘര്‍ഷങ്ങള്‍ പതിവായ പശ്ചാത്തലത്തില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നത് യാത്രാക്കാര്‍ക്ക് ഗുണകരമാണ്.
റെയില്‍ വഴിയുള്ള ചരക്ക് നീക്കം വര്‍ധിപ്പിക്കാനായി എന്‍ഡ് ടു എന്‍ഡ് സര്‍വീസുകളും റെയില്‍വേ വാഗ്ദാനം ചെയ്യുന്നു. ട്രെയിനുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. 2020നുള്ളില്‍ ആളില്ലാ ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കും. തീര്‍ഥാടനത്തിനും ടൂറിസത്തിനും പ്രത്യേക ട്രെയിനുകള്‍ ഉണ്ടാകും. സോളാര്‍ വൈദ്യുതി ഉല്‍പാദനം 7000 സ്‌റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പണം നീക്കി വെക്കുമെന്നതും പ്രതീക്ഷ പകരുന്നതാണ്.
https://www.facebook.com/Malayalivartha


























