ഉമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാനായി മഞ്ഞിലൂടെ ചേതനയറ്റ ശരീരവുമായി ആ മകന്‍ നടന്നത് 8മണിക്കൂര്‍

ജനിച്ചുവളര്‍ന്ന ഗ്രാമത്തിലെ ആറടി മണ്ണില്‍ അന്ത്യവിശ്രമം കൊള്ളണമെന്ന് അന്ത്യാഭിലാഷം പറഞ്ഞ ഉമ്മയുടെ ആഗ്രഹം നിറവേറ്റാനായി ചേതനയറ്റ ശരീരവുമായി മകന്‍ മഞ്ഞിലൂടെ നടന്നത് 8മണിക്കൂര്‍. ഉമ്മയുടെ ആഗ്രഹത്തിനു മുന്നില്‍ മഞ്ഞിലൂടെ 50 കിലോമീറ്ററോളം നടക്കാന്‍ ആ സൈനികനും ബന്ധുക്കള്‍ക്കും ആശങ്കകളൊന്നുമില്ലായിരുന്നു. ഇത് മഞ്ഞിന്റെ വെണ്‍മയുള്ള സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ജീവിതകഥയാണ്. കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് മരം കോച്ചുന്ന തണുപ്പില്‍ മുഹമ്മദ് അബ്ബാസ് എന്ന പട്ടാളക്കാരന്‍ ബന്ധുക്കളൊടൊപ്പം ഉമ്മയുടെ മൃതദേഹം ചുമന്നു നടന്നത്.
പഠാന്‍കോട്ടില്‍ സേവനമനുഷ്ടിക്കുന്ന അബ്ബാസിനൊപ്പമാണ് ഉമ്മ സക്കീന ബീഗം (60) താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പ് ഹൃദയാഘാതം മൂലം സക്കീന മരിച്ചു. നിയന്ത്രണരേഖയ്ക്കു സമീപം ജന്മനാടായ കര്‍നായില്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ യാത്ര പുറപ്പെട്ട് കുപ്‌വാരയിലെ ചൗക്കിബാലില്‍ എത്തിയപ്പോഴാണു മഞ്ഞുവീഴ്ച മൂലം മുന്നോട്ടു പോകാന്‍ കഴിയാതെ വന്നത്. തുടര്‍ന്ന് മഞ്ഞിലൂടെ മൃതദേഹം ചുമന്നു കൊണ്ടുപോകാന്‍ അബ്ബാസ് തീരുമാനിക്കുകയായിരുന്നു.
ഹെലികോപ്ടര്‍ സൗകര്യം ചെയ്തു കൊടുക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും അത് നടപ്പിലായില്ലെന്ന് അബ്ബാസ് പരാതിപ്പെടുന്നു. എന്നാല്‍, ഹെലികോപ്ടര്‍ തയ്യാറായപ്പോഴേക്കും സംഘം യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. 20 സൈനികരാണ് കഴിഞ്ഞ ദിവസങ്ങളിലായുള്ള കനത്ത മഞ്ഞുവീഴ്ച്ചയില്‍ കശ്മീരില്‍ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha


























