വി.കെ. ശശികല തമിഴ്‌നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ രണ്ടു ദിവസത്തിനകം

അണ്ണാ ഡി എം കെ നിയമസഭാ കക്ഷിനേതാവായി ശശികലയെ തിരഞ്ഞെടുത്തു.
എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ ശശികലയെ തമിഴ്‌നാട് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. എ.ഐ.എ.ഡി.എം.കെ. എം.എല്‍.എ.മാരുടെ നിര്‍ണായകയോഗത്തിലാണ് ശശികലയെ തിരഞ്ഞെടുത്തത്. താന്‍ സ്ഥാനമൊഴിയുകയാണെന്നും ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയാണെന്നും ഒ.പനീര്‍ശെല്‍വം തന്നെയാണ് യോഗത്തില്‍ പ്രഖ്യാപിച്ചത്. ഇത് യോഗം കയ്യടിയോടെ പാസാക്കുകയായിരുന്നു.
ഇനി നേതാവായി തിരഞ്ഞെടുത്ത രേഖകള്‍ ഗവര്‍ണര്‍ക്ക് കൈമാറുകയും പനീര്‍ശെല്‍വം രാജിവെക്കുകയും ചെയ്യുന്നതോടെ ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും.
ഫെബ്രുവരി ഒമ്പതിനായിരിക്കും ശശികല മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുക. നിലവിലുള്ള മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന് ഏതുപദവി നല്‍കുമെന്നതാണ് അടുത്ത ചോദ്യം. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്നു പനീര്‍ശെല്‍വം. ഇതേ വകുപ്പുതന്നെ അദ്ദേഹത്തിന് തിരികെനല്‍കി മന്ത്രിസഭയില്‍ നിലനിര്‍ത്തുമെന്നാണ് അറിയുന്നത്.
എന്നാല്‍, ഇക്കാര്യത്തില്‍ പനീര്‍ശെല്‍വത്തിന്റെ നിലപാട് നിര്‍ണായകമാവും.പാര്‍ട്ടിയിലെ ഒരു വിഭാഗം എം.എല്‍.എ.മാരും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ ഉള്‍പ്പെടെയുള്ള നേതാക്കളും ശശികല മുഖ്യമന്ത്രിപദവി ഏറ്റെടുക്കണമെന്ന് നേരത്തേത്തന്നെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെയും ഭരണത്തിന്റെയും നേതൃത്വം ഒരാള്‍തന്നെ കൈയാളണമെന്ന നിലപാടാണ് തമ്പിദുരൈയ്ക്ക്.
https://www.facebook.com/Malayalivartha


























