മൊബൈല്‍ വരിക്കാരെ തിരിച്ചറിയാന്‍ സംവിധാനം വേണമെന്ന് കോടതി

രാജ്യത്തെ നൂറു കോടിയിലേറെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെയും ഭാവി ഉപഭോക്താക്കളുടെയും തിരിച്ചറിയല്‍ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ഫലപ്രദമായ സംവിധാനം ഒരു വര്‍ഷത്തിനകം രൂപപ്പെടുത്തണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആധാര്‍ അധിഷ്ഠിത ഇ-കെവൈസി ഫോം പൂരിപ്പിച്ചു നല്‍കുന്നതിലൂടെ ഈ സംവിധാനം നടപ്പിലാക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍, ജസ്റ്റിസ് എന്‍.വി.രമണ എന്നിവരടങ്ങിയ ബെഞ്ചിന് കേന്ദ്രം ഉറപ്പുനല്‍കി. നിലവിലുള്ളതില്‍ 90 ശതമാനവും പ്രീ പെയ്ഡ് മൊബൈല്‍ ഉപഭോക്താക്കളാണ്. പുതിയ സിം അനുവദിക്കുമ്പോള്‍ ചെയ്യുന്നതു പോലെ, ഫോണ്‍ റീച്ചാര്‍ജിനെത്തുമ്പോള്‍ ഇവരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ശേഖരിക്കാം കോടതി നിര്‍ദേശിച്ചു. എന്നാല്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഫോണ്‍ റീച്ചാര്‍ജ് കടകളുള്ളതിനാല്‍ ഇതു നടപ്പിലാക്കാന്‍ പ്രയാസമാണെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി പറഞ്ഞു.
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ നല്‍കുന്ന തിരിച്ചറിയല്‍ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്താന്‍ ഫലപ്രദമായ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സന്നദ്ധസംഘടനയായ ലോക് നിതി ഫൗണ്ടേഷന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണു കോടതിയുടെ നിര്‍ദേശങ്ങള്‍.
https://www.facebook.com/Malayalivartha


























