കൂടുതല്‍ നേതാക്കള്‍ കൂറുമാറി പനീര്‍സെല്‍വം ക്യാംപില്‍; ശശികല ക്യാംപ് ആശങ്കയില്‍

വരുംദിവസങ്ങളിലും കൂടുതല്‍ പേര്‍ ഒപിഎസ് ക്യാംപില്‍ എത്തിയാല്‍ അതു സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തന്റെ നീക്കങ്ങള്‍ക്കു തിരിച്ചടിയാകുമെന്നു ശശികല ആശങ്കപ്പെടുന്നു. ഇന്നലെ വരെ 11 എംപിമാര്‍ കൂറുമാറി ഒപിഎസ് ക്യാംപില്‍ എത്തിയിട്ടുണ്ട്. നിലവില്‍ ഏഴു എംഎല്‍എമാരും പനീര്‍സെല്‍വത്തിനൊപ്പമുണ്ട്. അതിനിടെ തങ്ങളെ പുറത്തുവിടണമെന്നു റിസോര്‍ട്ടില്‍ താമസിപ്പിച്ചിട്ടുള്ള എംഎല്‍എമാര്‍ ആവശ്യപ്പെട്ടതായാണ് സൂചന.
ഈ സാഹചര്യത്തില്‍ പുറത്തുവിടണം എന്നു ആവശ്യപ്പെടുന്ന എംഎല്‍എമാര്‍ കൂടി ഒപിഎസ് ക്യാംപില്‍ എത്തിയാല്‍ തന്റെ നീക്കങ്ങള്‍ക്ക് കൂടുതല്‍ തിരിച്ചടിയാകും എന്നു ശശികല കണക്കാക്കുന്നു. അതുകൊണ്ടു കൂടിയാകാം ശശികല എംഎല്‍എമാരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കിയപ്പോഴും പുറത്തുവിടാതിരിക്കാനുള്ള കാരണം. അതിനിടെ തടവില്‍ വച്ചിരിക്കുകയാണെന്നാണ് എംഎല്‍എമാര്‍ തന്നോടു പറഞ്ഞതെന്നു പനീര്‍സെല്‍വം പറഞ്ഞു. ഗുണ്ടകളുടെ കാവലിലാണെന്നും എംഎല്‍എമാര്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

ഇന്നലെ അഞ്ചു എംപിമാര്‍ കൂറുമാറിയത് അടക്കം ആകെ 11 എംപിമാരാണ് ഒപിഎസ് ക്യാംപില്‍ എത്തിയിട്ടുള്ളത്. തൂത്തുക്കുടി എംപി ജയ്സിംഗ് ത്യാഗരാജ് നട്ടര്‍ജി, വേലൂര്‍ എംപി സെങ്കുട്ടുവന്‍, പെരുമ്പള്ളൂര്‍ എംപി ആര്‍.പി. മരുതുരാജ, വില്ലുപുരം എംപി എസ്. രാജേന്ദ്രന്‍ എന്നിവരാണ് ഇന്നലെ ഏറ്റവും ഒടുവിലായി പനീര്‍സെല്‍വം ക്യാംപിലെത്തിയ ലോക്സഭാംഗങ്ങള്‍.
രാജ്യസഭാംഗം ആര്‍.ലക്ഷ്മണനും പനീര്‍സെല്‍വത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. നാമക്കല്‍ എംപി പി.ആര്‍. സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാര്‍, തിരുപ്പൂര്‍ എംപി സത്യഭാമ, തിരുവണ്ണാമലൈ എംപി ആര്‍.വനറോജ എന്നിവരാണ് പനീര്‍സെല്‍വത്തിനൊപ്പമുള്ള മറ്റു ലോക്സഭാംഗങ്ങള്‍. രാജ്യസഭാംഗങ്ങളായ വി. മൈത്രേയന്‍, ശശികല പുഷ്പ എന്നിവരും പനീര്‍സെല്‍വത്തിനൊപ്പമാണ്.

റിസോര്‍ട്ടില്‍ തടങ്കലില്‍ വച്ചിരിക്കുകയായിരുന്ന എംഎല്‍എമാരെ ഇന്നലെ ശശികല മാധ്യമങ്ങള്‍ക്കു മുന്നില്‍ അണിനിരത്തിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെത്തിയ ശശികല എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ടു. എംഎല്‍എമാര്‍ക്കൊപ്പമാണ് ശശികല മാധ്യമങ്ങളെ കണ്ടത്. മന്ത്രിസഭ രൂപീകരിക്കാന്‍ തന്നെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വിളിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും അതിന് പിന്നില്‍ ബിജെപിയും ഡിഎംകെയുമാണെന്ന് അണ്ണ ഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും ശശികല പറഞ്ഞു. കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ സന്ദര്‍ശിച്ച ശേഷമാണ് ശശികല ഇക്കാര്യങ്ങള്‍ പറഞ്ഞത്. എംഎല്‍എമാര്‍ തടങ്കലില്‍ അല്ലെന്നും പാര്‍ട്ടി കുടുംബത്തെ പോലെ ഒറ്റക്കെട്ടാണെന്നും ശശികല പറഞ്ഞു. എംഎല്‍എമാര്‍ കുടുംബത്തോടും കുട്ടികളോടും ദിവസവും സംസാരിക്കുന്നുണ്ട്. കുടുംബത്തെ പോലും ഉപേക്ഷിച്ചാണ് ഇവര്‍ റിസോര്‍ട്ടില്‍ കഴിഞ്ഞത്. അത് അവര്‍ക്ക് പാര്‍ട്ടിയോടുള്ള ആത്മാര്‍ഥതയാണ് കാണിക്കുന്നതെന്നും ശശികല പറഞ്ഞു
https://www.facebook.com/Malayalivartha
























