കോടതി വിധി പ്രതികൂലമാകുമെന്ന പേടിയില്‍ ശശികല... അമ്മയെ രാഷ്ട്രീയത്തില്‍ ഇറക്കിയത് താനെന്ന് ശശികല; കൂടയുള്ള എല്ലാവര്‍ക്കും അമ്മയാകാന്‍ പറ്റുമോന്ന് തിരിച്ചടിച്ച് പനീര്‍ശെല്‍വം

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിര്‍ണായകമാണ്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ഇന്ന് വിധി പറയും. രാവിലെ 10.30ന് സുപ്രീംകോടതിയാണ് വിധി പ്രഖ്യാപിക്കുക. മുന്‍ മുഖ്യമന്ത്രി ജയലളിത, ശശികല, വി.എന്‍.സുധാകരന്‍, ജെ.ഇളവരശി എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ. അന്‍പഴകനും നല്‍കിയ അപ്പീലില്‍ കഴിഞ്ഞ ജൂണ്‍ ഏഴിന് സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായതാണ്. ഈയാഴ്ച തന്നെ വിധി പ്രസ്താവിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന സ്വപ്നം ശശികല ഉപേക്ഷിക്കേണ്ടി വരും.
സുപ്രീംകോടതിയുടെ ഈ വിധിയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഭാവി തീരുമാനിക്കുക. കുറ്റക്കാരിയെന്ന് തെളിഞ്ഞ് ജയിലിലേക്ക് പോകേണ്ടി വന്നാല്‍ ആറ് വര്‍ഷത്തേക്ക് ശശികലക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാവില്ല. പന്നീര്‍സെല്‍വം പക്ഷത്തിന്റെ പ്രധാന പിടിവള്ളിയാണ് ഈ കേസ്.ശശികലയുടെ സത്യപ്രതിഞ്ജ വൈകിപ്പിക്കുന്നതിന് കാരണമായി ഗവര്‍ണര്‍ ഈ കേസാണ് ചൂണ്ടിക്കാട്ടിയത്.
അതേസമയം, തമിഴ്‌നാട് നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിന് നിയമോപദേശം ലഭിച്ചു. അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയാണ് നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് നിയമോപദേശം നല്‍കിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദത്തില്‍ ഗവര്‍ണര്‍ ആരെ ആദ്യം ക്ഷണിക്കും എന്നാണ് തമിഴ്‌നാട് ഇപ്പോള്‍ ഉറ്റു നോക്കുന്നത്. ജയലളിതയുടെ വീട്ടില്‍ നിരവധിപേര്‍ കൂടെയുണ്ടായിരുന്നു എന്നു കരുതി കൂട്ടുകാര്‍ക്കെല്ലാം അമ്മയായി മാറാന്‍ കഴിയുമോയെന്ന് പനീര്‍ശെല്‍വം. അമ്മയുടെ കൂടി എന്നും താനുണ്ടായിരുന്നെന്നും ശത്രുക്കളെ നേരിടാന്‍ താന്‍ ഒറ്റയ്ക്ക് മതിയെന്ന ശശികലയുടെ പ്രസ്താവനയ്ക്കാണ് പനീര്‍ശെല്‍വത്തിന്റെ ചുട്ടമറുപടി.
തമിഴ്‌നാട് രാഷ്ട്രീയത്തിലെ നിലവിലെ സ്ഥിതിയില്‍ ശശികലയെ കടന്നാക്രമിക്കുകയാണ് ഇടക്കാല മുഖ്യമന്ത്രി പനീര്‍ശെല്‍വം. താന്‍ എപ്പോഴും അമ്മയ്‌ക്കൊപ്പമായിരുന്നെന്ന് ശശികല പറഞ്ഞു. മുമ്പ് എല്ലാം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ മനസ്സുമാറ്റി രംഗത്ത് കൊണ്ടുവന്നത് താനാണെന്നും ശശികല പറഞ്ഞു. വേണമെങ്കില്‍ നേരത്തേ തന്നെ മുഖ്യമന്ത്രിക്കസേര ലഭിക്കുമായിരുന്നു. ഇപ്പോള്‍ പനീര്‍ശെല്‍വം പാര്‍ട്ടിയെ വഞ്ചിക്കുകയാണ്. മുഖ്യമന്ത്രിയായ ശേഷം പനീര്‍ശെല്‍വം ഡിഎംകെയുമായി ഒത്തുകളിച്ചു മുന്നോട്ട് പോകാന്‍ തുടങ്ങിയപ്പോഴാണ് തനിക്ക് രംഗത്തിറങ്ങേണ്ടി വന്നതെന്നും ശശികല പറഞ്ഞു.
അമ്മയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നയാള്‍ എങ്ങിനെ അമ്മയായി മാറുമെന്നും പനീര്‍ശെല്‍വം ചോദിച്ചു. എക്കാലത്തും ജയലളിതയുടെ കൂടെ നിരവധിപേര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരെല്ലാം അമ്മയായി എങ്ങിനെ മാറുമെന്നും ഇതൊക്കെ തമിഴ് ജനതയ്ക്ക് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമാണോയെന്നും ചോദിച്ചു. ജയലളിതയുടെ മരണ ദിവസം തന്നെ മുഖ്യമന്ത്രിയാകാന്‍ പിന്തുണ കിട്ടിയയാളാണ് താനെന്നും എന്നാല്‍ പാര്‍ട്ടി പിളരാതിരിക്കാനാണ് അന്ന് പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയതെന്നും ശശികല പറഞ്ഞിരുന്നു. ജയലളിത ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ തന്നെ തന്നെ മുഖ്യമന്ത്രി പദം തേടിയെത്തിയതാണ്. എന്നാല്‍ മാറി നിന്നു പനീര്‍ശെല്‍വത്തെ പിന്തുണച്ചു.
https://www.facebook.com/Malayalivartha
























