മുഖ്യമന്ത്രി പദം മോഹിച്ച് ജയിലിലേക്ക്... നാലു വര്‍ഷം തടവും 10 കോടിരൂപ പിഴയും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് തിരിച്ചടി. ജയലളിതയുള്‍പ്പെടെ നാലുപേര്‍ക്കും ശിക്ഷവിധിച്ച വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.
ജസ്റ്റിസ് പി.സി ഘോഷ്, അമിതാവ് റോയി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പ്രതികള്‍ പെട്ടെന്ന് കീഴടങ്ങാനും നിര്‍ദേശിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ മോഹത്തിന് ഇതോടെ അന്ത്യമായി. കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ആകില്ല. കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വവും ശശികലയും മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് വിധി.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്ക്ക് നാലു വര്‍ഷം തടവും 10 കോടിരൂപ പിഴയുമാണ് ബംഗളുരുവിലെ വിചാരണക്കോടതി വിധിച്ചത്. എന്നാല്‍ ഈ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെയും ജയലളിതയുടെ തോഴിയായിരുന്ന ശശികലയെയും സഹോദര ഭാര്യ ഇളവരശിയെയും ജയലളിതയുടെ ദത്തുപുത്രന്‍ വി.എന്‍ സുധാകരനെയും വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി.
1991-96 കാലയളവില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ജയലളിതയുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് 3 കോടിയുടെ ആസ്തിയുണ്ടായിരുന്ന ജയലളിതയ്ക്ക് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപയുടെ സമ്പാദിച്ചെന്നാണ് കേസ്.
1996ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമിയാണ് ജയലളിത വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. 1996ല്‍ അധികാരത്തില്‍ വന്ന ഡി.എം.കെ സര്‍ക്കാര്‍ ജയലളിതയെ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ആരോപിച്ച് ഡി.എം.കെ നേതാവ് അന്‍പഴകന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കേസ് ബംഗളുരുവിലേക്ക് മാറ്റി. അതാണ് വഴിത്തിരിവായത്.
https://www.facebook.com/Malayalivartha
























