ജയലളിതയുടെ സ്വന്തം ശശികല...

അവസാനം അനധികൃത സ്വത്തു സമ്പാദന കേസിനെ പറ്റി ഏറെ ഊഹാപോഹങ്ങളും വിവാദങ്ങളും സൃഷ്ടിച്ച സംശയങ്ങള്‍ക്ക് സുപ്രീംകോടതി മറുപടി പറയുമ്പോള്‍ തമിഴ് മക്കളുടെ അമ്മ പരലോകത്തും ചിന്നമ്മ ശശികല ജയിലിലും.
തമിഴ് രാഷ്ട്രീയത്തിലെ വന്മരമായ ജയലളിതയുടെ തണലായി എന്നും ശശികല ഉണ്ടായിരുന്നു. തമിഴകം അമ്മ എന്ന് ജയലളിതയെ വാഴ്ത്തിയപ്പോള്‍ ചിന്നമ്മ എന്ന വിശേഷണം ശശികലയ്ക്കും സ്വന്തം.
ജയലളിതയെന്ന രാഷ്ട്രീയക്കാരിക്കൊപ്പം മനസ്സാക്ഷി സൂക്ഷിപ്പുകാരി എന്ന നിലയില്‍ ഉറ്റതോഴി ശശികലയും എന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും അപവാദങ്ങളും വിട്ടൊഴിയാത്തതായിരുന്നു രണ്ടുപേരുടെയും ജീവിതം. ശശികലയുടെ തെറ്റായ ഒരു തീരുമാനത്തെത്തുടര്‍ന്ന് ഈ ബന്ധത്തില്‍ ഇടക്കാലത്ത് ഉലച്ചിലുണ്ടായെങ്കിലും പൂര്‍വാധികം ശക്തിയോടെ ശശികല ജയലളിതയുടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
സിനിമക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളോടെയാണ് ജയലളിതയുടെ വ്യക്തി ജീവിതത്തിലേക്കും രാഷ്ട്രീയ ജീവിതത്തിലേക്കും ശശികലയെത്തുന്നത്. 1980-ല്‍ ആണ് ജയലളിത പങ്കെടുക്കുന്ന പൊതുപരിപാടികളും വിവാഹങ്ങളും ചിത്രീകരിക്കാനുള്ള അനുവാദം ശശികലയുടെ സ്റ്റുഡിയോയ്ക്കു നല്‍കണമെന്ന ആവശ്യവുമായി ഐ.എ.എസ് ഓഫീസര്‍ ചന്ദ്രലേഖ ശശികലയെ ജയലളിതയ്ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നത്.
അവിടെനിന്നു തുടങ്ങിയ ബന്ധം വളര്‍ന്ന് അമ്മയുടെ വിശ്വസ്തയും മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമായി ശശികല മാറുകയായിരുന്നു. രാഷ്ട്രീയത്തില്‍ ജയലളിത ഉയരങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ ഒട്ടും നിലതെറ്റാതെ തന്നെ ശശികലയും നിഴലായി കൂടെയുണ്ടായിരുന്നു.
അഴിമതിയും അനധികൃത സ്വത്തുസമ്പാദനവുമെല്ലാം ജയയുടെ രാഷ്ട്രീയ ജീവിതത്തിന് കളങ്കം ഏല്‍ക്കേണ്ടിവന്നതും ഈ കാലത്താണ്. അമ്മയും ചിന്നമ്മയും ഒരുമിച്ച് വാണ ഈ കാലഘട്ടത്തെ തമിഴകം മന്നാര്‍ഗുഡി മാഫിയയുടെ അധീനതയിലാണെന്ന സംസാരവും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























