ആ ബഹുമാനം വേണ്ട... സിനിമയുടെ ഭാഗമായി ദേശീയഗാനം വരുമ്പോള്‍ എഴുന്നേറ്റുനില്‍ക്കേണ്ടെന്ന് സുപ്രീം കോടതി

സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ആദരം പ്രകടിപ്പിച്ച് എല്ലാവരും എഴുന്നേറ്റുനില്‍ക്കേണം. എന്നാല്‍ സിനിമയുടെ ഭാഗമായി ദേശീയഗാനം വരുമ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന് സൂപ്രീംകോടതി വ്യക്തമാക്കി. തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ചില അവ്യക്തത നിലനിന്ന സാഹചര്യത്തിലാണ് വിധിയില്‍ വ്യക്തത വരുത്തി സുപ്രീം കോടതി രംഗത്തെത്തിയത്.
നവംബറില്‍ പുറത്തുവന്ന ഉത്തരവില്‍ ജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിശദീകരണം. തീയ്യേറ്ററുകളില്‍ സിനിമാപ്രദര്‍ശനത്തിന് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നും അത് കേള്‍പ്പിക്കുന്ന സമയത്ത് ആദരം പ്രകടിപ്പിച്ച് കാണികള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതി ഉത്തരവ് പ്രകടിപ്പിച്ചത്.
ജസ്റ്റിസുമാരായ ദീപക് മിശ്രയുടെയും അമിതവ റോയ്യുടെയും ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. എന്നാല്‍ ഭിന്നശേഷിയുള്ളവര്‍ ഈ ഉത്തരവ് പാലിക്കാന്‍ ബാധ്യസ്ഥരല്ലെന്ന് ഡിസംബറില്‍ കോടതി വ്യക്തമാക്കിയിരുന്നു.
ആമിര്‍ഖാന്റെ അടുത്ത് പുറത്തുവന്ന 'ദംഗലി'ല്‍ ദേശീയഗാനം കടന്നുവരുന്ന രംഗമുണ്ടായിരുന്നു. സിനിമയിലെ ദേശീയഗാനത്തിന്റെ സമയത്ത് സുപ്രീംകോടതിയുടെ ഉത്തരവ് ഓര്‍മ്മിച്ച് ചില പ്രേക്ഷകര്‍ എണീറ്റ്‌നിന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തീയ്യേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവ് പൊതുമണ്ഡലത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇക്കഴിഞ്ഞ തിരുവനന്തപുരം, ബംഗളൂരു ചലച്ചിത്രോത്സവങ്ങളില്‍ ഈ വിഷയം കൂടുതല്‍ ശ്രദ്ധ നേടി. തിരുവനന്തപുരം ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനത്തിനിടെ എണീറ്റ് നില്‍ക്കാതിരുന്ന ഡെലിഗേറ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























