ബംഗളൂരുവില്‍ ബൈക്കില്‍ വന്ന അജ്ഞാതന്‍ എയര്‍ഹോസ്റ്റസിന്റെ വസ്ത്രം വലിച്ചുകീറി

ബംഗളൂരുവില്‍ നടുറോഡില്‍ അജ്ഞാതനായ ബൈക്ക് യാത്രികന്‍ എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി കയ്യേറ്റം ചെയ്തു. ബാനസ്‌വാഡി എച്ച്.ആര്‍.ബി.ആറിന് സമീപത്തെ തെരുവിലാണ് സംഭവം.
സുഹൃത്തിനൊപ്പം വഴിയരികിലൂടെ രാത്രി നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്ക് യാത്രികന്‍ ആക്രമിക്കുകയും വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. ഫെബ്രുവരി 12-നായിരുന്നു സംഭവം നടന്നതെങ്കിലും കുറച്ച് ദിവസം കഴിഞ്ഞാണ് പോലീസ് സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കുന്നത്. പരാതി നല്‍കി ഇത്ര ദിവസമായിട്ടും കുറ്റവാളികളെ പിടികൂടിയിട്ടില്ല.
അക്രമം നടന്നതിന്റെ ആഘാതത്തില്‍ ആയിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി പറയുന്നു. സുഹൃത്തിനോടൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഹെല്‍മറ്റിട്ട ബൈക്ക് യാത്രികന്‍ പൊടുന്നനെയാണ് സമീപിച്ചത്. യുവതിയോടും സുഹൃത്തിനോടും ആദ്യം സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയ അയാള്‍ പൊടുന്നനെ യുവതി ധരിച്ചിരുന്ന ടീ ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു. യുവതികള്‍ ബഹളം വെച്ചതോടെ ബൈക്കില്‍ കടന്നു കളയുകയായിരുന്നു ആക്രമി.
സംഭവത്തിന്റെ ആഘാതത്തില്‍ ബൈക്ക് നമ്പര്‍ ശ്രദ്ധിക്കാന്‍ പോലും യുവതിക്കായില്ലെന്ന് പോലീസ് പറയുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി ബെംഗളൂരു നഗരം വാര്‍ത്തകളില്‍ നിറയുകയാണ്.
https://www.facebook.com/Malayalivartha


























