ആസിഡ് ദുരന്തത്തിനു ശേഷം ജീവിതം തിരിച്ചു പിടിച്ച ഒരു യുവതിയുടെ കഥ

ആസിഡ് ആക്രമണങ്ങള്‍ ഇന്ന് ഒട്ടും പുതുമയുള്ള കാര്യമല്ല. വിപണിയില്‍ എറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഇത്തരം ആസിഡുകള്‍ ഉണ്ടാക്കുന്ന ദുരന്തം വളരെ ഭീകരമാണ്. ഇങ്ങനെയൊരു ആസിഡ് ദുരന്തത്തിത്തിനു ശേഷം ജീവിതം തിരിച്ചു പിടിച്ച ഒരു യുവതിയുടെ കഥയിലേക്ക്..
ഒരു നിമിഷം തോന്നിയ അസൂയയുടെ പുറത്താണ് ഏറ്റവുമടുത്ത സുഹൃത്ത് കന്‍വാല്‍ എന്ന 29 വയസ്സുകാരിയുടെ മുഖം ആസിഡൊഴിച്ചു വികൃതമാക്കിയത്. താന്‍ ഒരു എയര്‍ഹോസ്റ്റസ് ആകാന്‍ പോകുന്നു എന്ന വാര്‍ത്ത പങ്കുവെച്ചതിനെത്തുടര്‍ന്നാണ് കനവാലിന്റെ ജീവിതത്തില്‍ ആ ദുരന്തം സംഭവിച്ചത്. എയര്‍ഹോസ്റ്റസ് ആയാല്‍ കന്‍വാലിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന നന്മയും പ്രശസ്തിയുമൊക്കെയോര്‍ത്തപ്പോള്‍ അസൂയ പൂണ്ട സുഹൃത്താണ് ആ കടുംകൈ ചെയ്തത്.

എന്നാല്‍ ജീവിതത്തില്‍ സംഭവിച്ചതിന്റെ ദുരന്തത്തെയോര്‍ത്തു തളരാന്‍ അവള്‍ തയാറായില്ല. ആസിഡ് ആക്രമണത്തിലുണ്ടായ വടുക്കളും മുഖത്തെ വൈകൃതവും ചികിത്സയിലൂടെ ഒരുപരിധിവരെ മറികടക്കാന്‍ അവള്‍ക്കായി. മുഖസൗന്ദര്യത്തിലല്ല കാര്യം ഏതു പ്രതികൂലമായ പ്രതിസന്ധികളിലും തളരാതെ പോരാടാനുള്ള മനസ്സാണ് വേണ്ടതെന്നു തെളിയിച്ചുകൊണ്ട് അവള്‍ വിവാഹവും കഴിച്ചു.
ഇത്രയും ധീരയായ ഒരു പെണ്‍കുട്ടിയെ തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലയെന്നാണ് കന്‍വാലിന്റെ ചികിത്സയ്ക്കു നേതൃത്വം നല്‍കുന്ന മാഞ്ചസ്റ്ററിലെ ഡോക്ടര്‍ അസിംഷമാല്‍ക്ക് പറയുന്നത്. ആസിഡ് ആക്രമണത്തില്‍ അവളുടെ മൂക്കും മുഖത്തിന്റെ ഒരു ഭാഗവും ഉരുകിപ്പോയിരുന്നു. എന്നാല്‍ മികച്ച ചികിത്സയും അവളുടെ ആത്മവിശ്വാസവും കൂടിച്ചേര്‍ന്നപ്പോള്‍ അവളുടെ മുഖത്തിന്റെ രൂപം പതുക്കെ തിരിച്ചുവരുന്നുണ്ട്.
പുതിയതായി വെച്ചുപിടിപ്പിച്ച പുരികക്കൊടികളും കണ്‍പീലികളും കണ്ടപ്പോള്‍ കൊച്ചുകുട്ടികളെപ്പോലെ അവള്‍ ആഹ്ലാദം പ്രകടിപ്പിച്ചു. അവള്‍ ഇപ്പോള്‍ സന്തോഷവതിയാണ്. പക്ഷെ ഒരു കാര്യം പറയാതെ വയ്യ തുച്ഛമായ തുകയ്ക്ക് വിപണിയില്‍ വില്‍ക്കുന്ന ആസിഡാണ് ആ പെണ്‍കുട്ടിയുടെ സ്വപ്നങ്ങളെത്തകര്‍ത്തെറിയുന്നത്. ഇനിയും ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇനിയെങ്കിലും ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്നതിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണം. ആസിഡ് ആക്രമണത്തിന്റെ ഒരുപാടിരകളില്‍ ഒരാള്‍ മാത്രമാണ് ഇവള്‍.

https://www.facebook.com/Malayalivartha


























