ഓണ്‍ലൈന്‍ പരാതി പരിഹാരം നിര്‍ബന്ധമാക്കാന്‍ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദ്ദേശം

രാജ്യത്തെ എന്‍ജിനീയറിങ് കോളജുകളിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ പരാതി പരിഹാരം നിര്‍ബന്ധമാക്കാന്‍ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) നിര്‍ദേശം നല്‍കി. ലക്ഷക്കണക്കിന് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപകരിക്കുന്നതാണു പരിഷ്‌കാരം. ഓണ്‍ലൈനില്‍ പരാതി സ്വീകരിക്കുന്നതും പരിഹാരം കാണുന്നതും വാര്‍ഷിക അംഗീകാരം പുതുക്കുന്നതിനാവശ്യമായ നിബന്ധനയാക്കുമെന്ന് എഐസിടിഇ മേധാവി അനില്‍ സഹസ്രബുദ്ധെ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍ പറഞ്ഞു.
പരാതി പരിഹാര സംവിധാനത്തിന്റെ യുആര്‍എല്‍, പേര്, വിശദാംശങ്ങള്‍ എന്നിവ സ്ഥാപന മേധാവിയുടെ ഓഫിസിനു സമീപം പ്രദര്‍ശിപ്പിക്കണം. പരാതി പരിഹാര സമിതിയംഗങ്ങളുടെ പേര്, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ എന്നിവയും ഇതിലുണ്ടാവണം. ലഭിച്ച പരാതികള്‍, പരിഹാരം കണ്ടവ, അവശേഷിക്കുന്നവ എന്നിവയുള്‍പ്പെട്ട പ്രതിമാസ റിപ്പോര്‍ട്ടും എഐസിടിഇക്കു നല്‍കണം.
സര്‍ക്കാരിനു നേരിട്ടു ലഭിക്കുന്ന പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണു നടപടി. എന്‍ജിനീയറിങ് കോളജുകളുടെ നടത്തിപ്പിനെക്കുറിച്ച് അടുത്ത കാലത്തു കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നു വ്യാപകമായ പരാതിയുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























