വിവാഹിതരായ വിദ്യാര്‍ത്ഥിനികള്‍ പഠിക്കേണ്ട...തെലുങ്കാനയില്‍ വനിതാ കോളേജില്‍ വിവാഹിതര്‍ക്ക് പ്രവേശനം നിഷേധിച്ചു

പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജിനെയാണ് വനിതാ കോളേജെന്ന് പറയുന്നതെന്ന് നമുക്കറിയാം. പെണ്‍കുട്ടികള്‍ എന്നു പറയുമ്പോള്‍ അതില്‍ വിവാഹിതരും ഉള്‍പ്പെടുന്നുണ്ട്. കാരണം വനിതാ കോളേജുകളില്‍ വിവാഹം കഴിഞ്ഞ കുട്ടികളും പഠിക്കുന്നുണ്ട്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ വിവാഹിതരായവരും വിവാഹത്തിനുശേഷം പഠിക്കാന്‍ കോളേജില്‍ വന്നവരും ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ തെലുങ്കാനയിലെ വനിതാ കോളേജുകളില്‍ ഇപ്പോള്‍ വിവാഹിതര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. വനിതാ കോളജുകളില്‍ മറ്റു കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടും എന്ന കാരണത്താലാണ് വിവാഹിതര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന എല്ലാ സ്ത്രീകള്‍ക്കും തുല്യ വിദ്യാഭ്യാസം വിഭാവനം ചെയ്തിരിക്കെയാണ് തെലുങ്കാന സര്‍ക്കാരിന്റെ വിവാദ നടപടി.
നിബന്ധന വിവാദമായതോടെ പുതിയ നിബന്ധന ഏര്‍പ്പെടുത്തിയതിന് വിശദീകരണവുമായി സൊസൈറ്റി അധികൃതര്‍ തന്നെ രംഗത്തെത്തിയിട്ടുമുണ്ട്. വിവാഹം കഴിഞ്ഞ പെണ്‍കുട്ടികള്‍ ഭര്‍ത്താവിനെ കാണാനെന്ന പേരില്‍ അര്‍ദ്ധരാത്രിയിലോ വാരാന്ത്യത്തിലോ വീട്ടിലേക്ക് പോകുന്നതിനാല്‍ മറ്റു കുട്ടികളില്‍ പഠിക്കാനുള്ള ഏകാഗ്രത നഷ്ടപ്പെടുന്നുവെന്നാണ് സോഷ്യല്‍ വെല്‍ഫെയര്‍ റസിഡന്‍ഷ്യല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റിയുടെ വക്താവായ ബി വെങ്കട് രാജു പറയുന്നത്.
തെലുങ്കാന സര്‍ക്കാരിന്റെ സോഷ്യല്‍ വെല്‍ഫെയര്‍ റസിഡന്‍ഷ്യല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള കോളജുകളിലെ ബിരുദ പ്രവേശനത്തിനാണ് വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ ആവണമെന്ന നിബന്ധന വെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























