ശസ്ത്രക്രിയയിലൂടെ യുവാവില്‍ നിന്ന് നീക്കം ചെയ്തത് 5070 കല്ലുകള്‍

മൂത്രക്കല്ലുകള്‍ നീക്കം ചെയ്യുന്നതിന് 45കാരനില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ലഭിച്ചത് 5070 കല്ലുകള്‍. ജെയ്പൂരിലാണ് അത്യപൂര്‍വ ശസ്‌ക്രിയ നടന്നത്. രത്‌ലൈ സ്വദേശിയായ മുഹമ്മദ് ഷെബീര്‍ എന്നയാളിന്റെ വയറ്റില്‍ നിന്നുമാണ് കല്ലുകള്‍ നീക്കം ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂത്രക്കല്ലിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു ഇയാള്‍. വിവിധ ചികിത്സകള്‍ ഫലിക്കാതെ വന്നതോടെയാണ് ഇയാള്‍ കോട്ടയിലെ ജിന്‍ഡാല്‍ ലാപ്രോസ്‌കോപ്പിക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. അര മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കല്ലുകളുടെ എണ്ണം കണ്ട് ഡോക്ടര്‍മാര്‍ പോലും ഞെട്ടിപ്പോയി. ഒന്നും രണ്ടുമല്ല 5070 കല്ലുകളാണ് പുറത്തെടുത്തത്. ഇത് എണ്ണി തീര്‍ക്കാന്‍ തന്നെ രണ്ട് മണിക്കൂറെടുത്തു. സാധാരണ രോഗികളില്‍ നിന്ന് നൂറ് കല്ലുകള്‍ വരെയേ ലഭിക്കാറുള്ളൂ. എന്നാല്‍ ഇത് അത്യപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിന് മുന്പ് പശ്ചിമ ബംഗാളില്‍ ഡോ. എം.എല്‍ സാഹ നടത്തിയ ഒരു ശസ്ത്രക്രിയയില്‍ 11,950 കല്ലുകള്‍ പുറത്തെടുത്തിരുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നതാണ് ഷെബീറില്‍ ഇത്രയും കല്ലുകള്‍ രൂപപ്പെടാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാള്‍ സുഖം പ്രാപിച്ച് വരികയാണ്.
https://www.facebook.com/Malayalivartha


























