ബാലവേലകള്‍ അവസാനിക്കുന്നില്ല; ഡല്‍ഹിയിലെ ഒരു ജീന്‍സ് ഫാക്ടറിയില്‍ നടക്കുന്നത് സമൂഹമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍

ദിവസവും 22 മണിക്കൂറോളം ഒരേയിരുപ്പില്‍ ജോലി ചെയ്യും. ഉറങ്ങൂന്നത് വെറും രണ്ടു മണിക്കൂര്‍ മാത്രം. അതും പുലര്‍ച്ചെ അഞ്ചുമണിക്കും ഏഴുമണിക്കും ഇടയില്‍. ജോലിക്കിടയില്‍ ഉറങ്ങിപ്പോകുകയോ മറ്റോ ചെയ്താല്‍ ചുറ്റികകൊണ്ടു തലയ്ക്കടിക്കും. ബാലവേലയുടെ പേരില്‍ ലോകമനസ്സാക്ഷിക്ക് മുമ്പില്‍ എന്നും ചോദ്യചിഹ്നമായ ഇന്ത്യയിലെ ഒരു ജീന്‍സ് ഫാക്ടറിയില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തിയ 7-നും 12-നും ഇടയില്‍ പ്രായക്കാരായ കുട്ടികളുടെ പ്രതികരണം ആയിരുന്നു ഇത്. മനുഷ്യക്കടത്തുകാരുടെ പിടിയില്‍ പെട്ട് കഠിനമായ അടിമവേലയ്ക്ക് നിയോഗിതരായ കുട്ടികളെ ഈ മാസം ആദ്യമായിരുന്നു പോലീസ് രക്ഷപ്പെടുത്തിയത്.
സീലാംപൂര്‍ ഏരിയയിലെ ഒരു ജീന്‍സ് ഫാക്ടറിയില്‍ ജീവനക്കാരായിരുന്നു കുട്ടികള്‍ കാഠിന്യമേറിയ ജോലികള്‍ക്ക് പുറമേ കടുത്ത ശാരീരിക പീഡനത്തിനും ഇരയായിരുന്നതായി പോലീസ് വ്യക്തമാക്കി. 20 കുട്ടികളെയാണ് ഡല്‍ഹി പോലീസ് ഇഴയുന്ന ജീവിതത്തില്‍ നിന്നും കരകയറ്റിയത്. മണിക്കൂറുകളോളമുള്ള കഷ്ടപ്പാടിനിടിയില്‍ ഒന്നു മൂത്രമൊഴിക്കാന്‍ പോകുന്നതോ ആഹാരം കഴിക്കാന്‍ അല്‍പ്പം കൂടുതല്‍ സമയമെടുക്കുകയോ ചെയ്താല്‍ ചുറ്റിക കൊണ്ടുള്ള അടിക്കുമായിരുന്നത്രേ!
ചെറിയ ഒരു മുറിയിലായിരുന്നു ഉറക്കം. നാലു വര്‍ഷമായി താന്‍ സൂര്യപ്രകാശം കണ്ടിട്ടേയില്ലെന്നാണ് ഒരു കുട്ടി പറഞ്ഞത്. പോലീസ് പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ സൂര്യപ്രകാശത്തില്‍ പുളിച്ച് കണ്ണുകള്‍ പോലും തുറക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഒരുവന്‍ പറയുന്നു. കുളിക്കാന്‍ അനുവദിച്ചിരുന്നില്ല. എല്ലാ ദിവസവും 5,000 ജീന്‍സുകള്‍ വരെയാണ് അലക്കാന്‍ തന്നിരുന്നതെന്നും കുട്ടികളില്‍ ഒരാള്‍ പറയുന്നു. മതിയായ ആഹാരമോ വിശ്രമിക്കാനോ പോലും തൊഴിലുടമകള്‍ അനുവദിച്ചിരുന്നില്ല. അടിമജീവിതത്തില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തുമ്പോള്‍ പലര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു.
കുട്ടികള്‍ ഇപ്പോള്‍ ബാലവേലയ്‌ക്കെതിരേ പ്രതിഷേധിക്കുന്ന ശിശുക്ഷേമം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയുടെ കീഴിലാണ്. കുട്ടികളെ അടിമകളെ പോലെ പണിയെടുപ്പിക്കുന്ന വിവരം ഒരു ദേശീയ മാധ്യമമാണ് ആദ്യം പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് മാര്‍ച്ച് 2-ന് പോലീസ് ഇവിടം റെയ്ഡ് ചെയ്ത് കുട്ടികളെ രക്ഷപ്പെടുത്തി. കലാം, റുസ്തം, ഇര്‍ഷാദ്, ഷംഷാദ് എന്നിവര്‍ക്കെതിരേ മനുഷ്യക്കടത്തിന് കേസെടുത്തിട്ടുണ്ട്. കലാമിന്റെ മൂന്ന് സഹോദരങ്ങള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha
























